ഗൂഗിൾ പ്ലേ സ്റ്റോറിൽ ‘ഷുഗർ ഡാഡി’ ആപ്പുകൾ നിരോധിക്കുന്നു

വാഷിംഗ്ടൺ: ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ‘ഷുഗർ ഡാഡി’ ആപ്പുകൾ നിരോധിക്കുന്നു. സെപ്റ്റംബർ ഒന്ന് മുതൽ, ആപ്പ് സ്റ്റോർ ‘ഷുഗർ-ഡാഡി’ സേവനങ്ങൾ നിരോധിക്കും. പ്രായമുള്ള സമ്പന്നരായ ആളുകളുമായി യുവതികൾ ബന്ധം സ്ഥാപിക്കുകയും അതിന് പകരമായി പണമോ മറ്റ് സമ്മാനങ്ങളോ നൽകുന്നതും വിദേശരാജ്യങ്ങളിലൊക്കെ പരിചിതമാണ്.

ഇത്തരം പുരുഷന്മാരെ ‘ഷു​ഗർ ഡാഡി’മാരെന്നാണ് വിളിക്കപ്പെടുന്നത്. ഷു​ഗർ ഡാഡി ആപ്പ് വഴിയും ഇത്തരം ബന്ധങ്ങൾ വളരാറുണ്ട്. എന്നാലിപ്പോൾ, ​ഗൂ​ഗിളിന്റെ ചില പരിഷ്കരണങ്ങളുടെ ഭാ​ഗമായി അത്തരം ആപ്പുകൾ നിരോധിക്കുകയാണ്. അനുചിതമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി പലപ്പോഴും പ്രായമേറിയ, സമ്പന്നരായ വ്യക്തികൾ ഡേറ്റിംഗ് നടത്തുകയും ബന്ധത്തിന് പകരമായി പ്രായക്കുറവുള്ള പങ്കാളികൾക്ക് സമ്മാനങ്ങളും പണവും നൽകുകയും ചെയ്യുകയാണ് ഇതിലൂടെ ചെയ്യുന്നത്.

‘ലൈംഗിക ഉള്ളടക്കത്തിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നയങ്ങൾ ഞങ്ങൾ പരിഷ്കരിക്കുകയാണ്. പ്രത്യേകിച്ചും പണക്കൈമാറ്റത്തോടെയുള്ള ലൈംഗിക ബന്ധങ്ങൾ നിരോധിക്കുന്നു’ എന്നാണ് ഡെവലപ്പർമാർക്കുള്ള നോട്ടീസിൽ ഗൂഗിൾ പറഞ്ഞത്. പണത്തിന് പകരമായി ലൈംഗിക പ്രവർത്തനങ്ങൾ നടക്കുന്നതായി വ്യാഖ്യാനിക്കപ്പെടാവുന്ന സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ആപ്ലിക്കേഷനുകൾ പ്ലേ സ്റ്റോർ ഇതിനകം തന്നെ നിരോധിച്ചിരുന്നു. എന്നാൽ, പുതിയ ഈ അപ്‌ഡേറ്റ് ഇത് കൂടുതൽ വ്യക്തമാക്കുന്നതാണ്.

പണത്തിന് വേണ്ടി ഒരാള്‍ പങ്കാളിയെ തിരയുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഷുഗര്‍ ഡാഡി പോലെയുള്ള ആപ്പില്‍ നടക്കുന്നത് എന്നും അതിനാലാണ് അവ നിരോധിക്കുന്നത് എന്നുമാണ് മനസിലാകുന്നത്. എന്തുകൊണ്ടാണ് ഈ ആപ്പ് ഇപ്പോള്‍ നിരോധിക്കുന്നത് എന്ന് ഗൂഗിള്‍ പൂര്‍ണമായും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, പണം നല്‍കിക്കൊണ്ടുള്ള ലൈംഗിക ബന്ധങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ വ്യാപകമാകുന്നതിന് തടയിടാനാണ് ഇതെന്നാണ് സൂചന. ‘ഷു​ഗർ ഡാഡി’ പോലെയുള്ള ആപ്പിൽ ചെറിയ പെൺകുട്ടികൾ വ്യാപകമായി സജീവമാകുന്നു എന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.