മുൻ കർണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ രാഷ്ട്രീയം വിടുന്നു

ബെംഗളൂരു: മുൻ കർണാടക മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ് യെദിയൂരപ്പ രാഷ്ട്രീയം വിടുന്നു.സജീവ രാഷ്ട്രീയത്തില്‍ നിന്ന് പടിയിറങ്ങുകയാണെന്ന് അദ്ദേഹം സൂചന നല്‍കി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ സിറ്റിങ് സീറ്റായ ശിവമോഗയിലെ ശിക്കാരിപുരിയില്‍ മകനും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി.വൈ. വിജയേന്ദ്രയെ മത്സരിപ്പിക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.

എഴുപത്തൊമ്പതുകാരനായ യെദിയൂരപ്പ 1983 മുതല്‍ തുടര്‍ച്ചയായി ശിക്കാരിപുരിയില്‍ നിന്നാണ് മത്സരിച്ചിരുന്നത്. എട്ട് തവണയാണ് ജയിച്ചത്. നാല് തവണ കര്‍ണാടക മുഖ്യമന്ത്രിയും ആയി. 1999ല്‍ ശിക്കാരിപുരിയില്‍ അദ്ദേഹം തോല്‍വി രുചിച്ചിട്ടുമുണ്ട്.

2014ല്‍ ശിവമോഗയില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുത്തതോടെ ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. അതില്‍ യെദിയൂരപ്പയുടെ മൂത്ത മകന്‍ ബി.വൈ. രാഘവേന്ദ്രയാണ് മത്സരിച്ച് ജയിച്ചത്.