പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് റാലിയ്ക്കിടെ വെടിയേറ്റു

ഇസ്ലാമാബാദ്: മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായിരുന്ന ഇമ്രാന്‍ ഖാന് റാലിയ്ക്കിടെ വെടിയേറ്റു. പാക്കിസ്ഥാനിലെ ഗുജ്‌റന്‍വാലയില്‍ ഷെഹബാസ് ഷെരീഫ് സര്‍ക്കാരിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ‘ലോംഗ് മാര്‍ച്ചിനെ’ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അജ്ഞാതന്‍ ഇമ്രാന്‍ ഖാന് നേരെ വെടിയുതിര്‍ത്തത്. കാലിന് വെടിയേറ്റ ഇമ്രാന്‍ ഖാനെ ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്നവര്‍ ചേര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗുജ്‌റന്‍വാലയിലെ അല്ലാവാല ചൗക്കിലെ ഇമ്രാന്‍ ഖാന്റെ സ്വീകരണ ക്യാമ്പിന് സമീപത്തായിരുന്നു സംഭവം. ഇമ്രാന്‍ ഖാനൊപ്പം പരിക്കേറ്റവരില്‍ നാല് പിടിഐ പാര്‍ട്ടി നേതാക്കളും ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.