നാഗാലാന്‍ഡ്, മേഘാലയ, ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത മാസം ; വോട്ടെണ്ണൽ മാർച്ച് രണ്ടിന്

ന്യൂഡെൽഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പ് ചൂടിലേക്ക്. നാഗാലാന്‍ഡ്, മേഘാലയ, ത്രിപുര പ്രഖ്യാപനവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ത്രിപുരയില്‍ ഫെബ്രുവരി 16നും നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളില്‍ ഫെബ്രുവരി 27നുമായിരിക്കും പോളിംഗ്. മാര്‍ച്ച് രണ്ടിനാണ് വോട്ടെണ്ണല്‍.

മൂന്ന് സംസ്ഥാനങ്ങളിലും 60 വീതം സീറ്റുകളാണ് നിയമസഭയിലുള്ളത്. മൂന്നിടങ്ങളിലുമായി 62.8 ലക്ഷം പേര്‍ക്ക് വോട്ടവകാശമുണ്ട്. ഇതില്‍ 31.47 ലക്ഷം പേര്‍ വനിതകളാണ്.

നാഗാലാന്‍ഡ്, മേഘാലയ, ത്രിപുര നിയമസഭാകളുടെ നിലവിലെ കാലാവധി യഥാക്രമം മാര്‍ച്ച് 12, 15, 22 തീയതികളില്‍ അവസാനിക്കും.

ഈ സംസ്ഥാനങ്ങളിലെ 376 പോളിംഗ് സ്‌റ്റേഷനുകള്‍ വനിത ഉദ്യോഗസ്ഥരായിരിക്കും കൈകാര്യം ചെയ്യുക. 2.28 പുതിയ വോട്ടര്‍മാര്‍ മൂന്നു സംസ്ഥാനങ്ങളിലുമായി ഉണ്ടെന്നാണ് കണക്ക്. തിരഞ്ഞെടുപ്പ് തീയതിക്കു മുന്‍പ് 10,000 പുതിയ വോട്ടര്‍മാര്‍ക്ക് കൂടി വോട്ടവകാശം ലഭിക്കും. 31,700 പേര്‍ ഭിന്നശേഷി വോട്ടര്‍മാരാണ്. വോട്ടര്‍മാരില്‍ 97,000 പേര്‍ 80 വയസ്സ് കഴിഞ്ഞവരാണ്. 2,600 പേര്‍ 100 വയസ്സ് പിന്നിട്ടവരാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രാജീവ് കുമാര്‍ അറിയിച്ചു.

ജനാധിപത്യത്തില്‍ സംഘര്‍ഷത്തിന് ഇടമില്ല. സംഘര്‍ഷ രഹിതമായ തിരഞ്ഞെടുപ്പാണ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്.