വോട്ടര്‍ പട്ടിക പരസ്യപ്പെടുത്താനാകില്ല, പിസിസികളെ സമീപിച്ചാല്‍ മതിയെന്ന് കെ.സി.വേണുഗോപാല്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടിക പരസ്യപ്പെടുത്താനാകില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. പി.സി.സികളെ സമീപിച്ചാല്‍ അത് ലഭ്യമാകും. തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മത്സരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാത്തതിനെതിരെ നേരത്തെ മനീഷ് തിവാരി രംഗത്തെത്തിയികുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കെ.സി.വേണുഗോപാല്‍.

വോട്ടര്‍മാരുടെ പട്ടിക പുറത്തുവിടാതെ സുതാര്യവും സത്യസന്ധവുമായ തെരഞ്ഞെടുപ്പ് എങ്ങനെ സാധ്യമാകുമെന്ന് ജി-23 നേതാവായ മനീഷ് തിവാരി ചോദിച്ചിരുന്നു. തിവാരിയെ പിന്തുണച്ച് കാര്‍ത്തി ചിദംബരം അടക്കമുള്ള നേതാക്കളും രംഗത്തെത്തിയിരുന്നു. സുതാര്യത വേണമെന്നാണ് മനീഷ് പറഞ്ഞതെങ്കില്‍ എല്ലാവരും അതിനോട് യോജിക്കുമെന്ന് ശശി തരൂര്‍ എം.പി.പ്രതികരിച്ചു. എന്നാല്‍, ഇക്കൂട്ടല്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മാണിക്യം ടാഗോര്‍ ആരോപിച്ചു.