തൃശ്ശൂരില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് കാട്ടാന ചെരിഞ്ഞു

തൃശ്ശൂര്‍: കൊടകര വെള്ളിക്കുളങ്ങരയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് കാട്ടാന ചെരിഞ്ഞ നിലയില്‍. പോത്തന്‍ചിറയില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്വകാര്യഉടമസ്ഥതയിലുള്ള പറമ്പിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. സംഭവത്തില്‍ വനം വകുപ്പ് ഉദ്യേഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ആനയെ കുഴിയില്‍ നിന്നും ഉയര്‍ത്താനുള്ള നടപടിക്രമങ്ങള്‍ തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇന്നലെ രാത്രിയോ ഇന്ന് പുലര്‍ച്ചെയോ ആകാ ആന സ്ലാബില്‍ വീണതെന്നാണ് വനം വകുപ്പ് പറയുന്നത്. നാളുകളായി ഉപയോഗിക്കാത്ത പുരയിടത്തെ പഴയ സെപ്റ്റിക് ടാങ്കിലേക്കാണ് ആന വീണത്. സെപ്റ്റിക് ടാങ്കിന്റെ സ്ലാബിലേക്ക് ആന കാലെടുത്ത് വെച്ചപ്പോള്‍ സ്ലാബ് തകര്‍ന്ന് ആന കുഴിയിലേക്ക് വീഴുകയായിരുന്നു. കുഴിയില്‍ നിന്നും ആനയ്ക്ക് എഴുന്നേല്‍ക്കാന്‍ സാധിക്കാതെ വന്നതോടെയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ക്രെയിന്‍ ഉപയോഗിച്ച് ആനയെ ഉയര്‍ത്താനാണ് ശ്രമിക്കുന്നത്. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വെള്ളിക്കുളങ്ങര റെയ്ഞ്ച് ഓഫീസിന് കീഴിലാണ് അപകടം ഉണ്ടായത്.