ഖാര്‍ഗെയെ പിന്തുണയ്ക്കുമെന്ന് വി.ഡി.സതീശന്‍; തരൂര്‍ മത്സരിക്കുന്നതില്‍ തെറ്റില്ല

കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും അതാണ് തന്റെ മന:സാക്ഷിയെന്നും വി.ഡി.സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വളരെ പരിചയസമ്പന്നനായ, അനുഭവസമ്പത്തുള്ള കോണ്‍ഗ്രസ് നേതാവാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. അസംബ്ലിയിലും പാര്‍ലമെന്റിന്റെ ഇരുസഭകളിലും അദ്ദേഹം തന്റെ നേതൃപാടവം തെളിയിച്ചിട്ടുള്ളതാണ്. ദലിത് വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ പ്രസിഡന്റാകുന്ന അഭിമാനകരമായ നിമിഷത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നതെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

മുതിര്‍ന്ന നേതാക്കള്‍ കൂടിയാലോചിച്ചാണ് ഖാര്‍ഗെയുടെ സ്ഥാനാര്‍ത്ഥിത്വം തീരുമാനിച്ചത്. അതിനാല്‍ അദ്ദേഹത്തിന് പൂര്‍ണ്ണപിന്തുണ നല്‍കുന്നു. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്. അതുകൊണ്ട് തന്നെ ശശി തരൂര്‍ മത്സരിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. സിപിഎമ്മിലോ ബിജെപിയിലോ ഇത്തരം മത്സരങ്ങള്‍ നടക്കാറില്ലെന്നും വി.ഡി.സതീശന്‍ ചൂണ്ടിക്കാട്ടി.

യോഗ്യതയുള്ള ആര്‍ക്ക് വേണമെങ്കിലും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരുന്നത്. പലയിടങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ടെങ്കിലും പാര്‍ട്ടിയ്ക്കുള്ളിലുള്ള മത്സരമായതിനാല്‍ ചേരിതിരിവ് ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് പിന്തുണയറിയിച്ച് രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.