യുപിയില്‍ ഭൂപേന്ദ്രസിങ് ചൗധരി ബിജെപി അധ്യക്ഷന്‍, ത്രിപുരയില്‍ രജീബ് ഭട്ടാചാര്യ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലും ത്രിപുരയിലും ബി.ജെ.പിയ്ക്ക് പുതിയ അധ്യക്ഷന്‍മാര്‍. ഭൂപേന്ദ്രസിങ് ചൗധരിയെ ഉത്തര്‍പ്രദേശിലും രജീബ് ഭട്ടാചാര്യയെ ത്രിപുരയിലും സംസ്ഥാന പ്രസിഡന്റുമാരായി നിയമിച്ചു. ബി.ജെ.പി ദേശായ വൈസ് പ്രസിഡന്റ് സൗദാന്‍ സിങ്ങിന് ഹിമാചല്‍ പ്രദേശിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കി.

ജാട്ട് സമുദായത്തില്‍ നിന്നുള്ള നേതാവും യു.പി.ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമാണ് ഭൂപേന്ദ്രസിങ്. ഒബിസി നേതാവായ സ്വതന്ത്ര ദേവ് സിങ്ങിന് പകരമാണ് ഭൂപേന്ദ്ര സിങ് ചൗധരിയെ നിയമിച്ചത്.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഭൂപേന്ദ്രസിങ് ചൗധരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് തീരുമാനം. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജാട്ട് വോട്ടുകള്‍ ഏകീകരിക്കുക എന്ന ലക്ഷ്യമിട്ടാണ് ഭൂപേന്ദ്രസിങ് ചൗധരിയെ പ്രസിഡന്റാക്കിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.