ഭാരത് ബയോടെക്കിന്റെ കൊറോണ പ്രതിരോധ നേസല്‍ വാക്‌സിന് അനുമതി

ന്യൂഡല്‍ഹി: പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്കിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച കൊറോണയെ പ്രതിരോധിക്കാന്‍ ശേഷിയുള്ള നേസല്‍ വാക്‌സിന് അനുമതി. അടിയന്തര സാഹചര്യങ്ങളില്‍ 18 വയസ്സിന് മുകളിലുള്ളവരില്‍ നിയന്ത്രിത ഉപയോഗത്തിനാണ് വാക്‌സിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്. രാജ്യത്ത് ആദ്യമായാണ് നേസല്‍ കൊറോണ വാക്‌സിന് അനുമതി നല്‍കുന്നത്. വാക്‌സിന്‍ സുരക്ഷിതവും മികച്ച പ്രതിരോധ ശേഷി നല്‍കുന്നതുമാണെന്നാണ് കമ്പനിയുടെ അവകാശവാദം.

മൂക്കിലൂടെ നല്‍കുന്ന നേസല്‍ കൊറോണ വാക്‌സിന് അനുമതി നല്‍കിയത് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് കൂടുതല്‍ കരുത്ത് പകരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ട്വിറ്ററിലൂടെ അറിയിച്ചു. കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ശാസ്ത്ര, ഗവേഷണ രംഗത്ത് ഉണ്ടായ ഇന്ത്യയുടെ മുന്നേറ്റത്തിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.