പ്രതിദിന കൊറോണ ബാധിതരുടെ എണ്ണം വീണ്ടും പതിനായിരത്തിനടുത്ത്

ന്യൂഡെല്‍ഹി: രാജ്യത്ത് പ്രതിദിന കൊറോണ ബാധിതരുടെ എണ്ണം പതിനായിരത്തോടടുക്കുന്നു. തിങ്കളാഴ്ച 9531 പൊസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കേരളത്തിലെ പത്തെണ്ണമടക്കം 26 കൊറോണ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ കേസുകളുടെ എണ്ണം 4,43,48,960 ആയും കൊറോണ മരണം 5,27,368 ആയും ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് 97,648 കൊറോണ രോഗികളാണുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കൊറോണ ബാധിതരില്‍ 98.59 ശതമാനവും രോഗം അതിജീവിക്കുന്നതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ദൈനംദിന രോഗ സ്ഥിരീകരണനിരക്ക് 4.15-ഉം വാരാന്ത്യ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.59 ശതമാനവുമാണ്. കഴിഞ്ഞ ദിവസം 2,29,546 കൊറോണ ടെസ്റ്റുകളാണ് നടത്തിയത്.