നിക്ഷേപ തട്ടിപ്പ്: പ്രവീൺ റാണയുടെ അക്കൗണ്ട് ശൂന്യം; പണം പോയ വഴികൾ തേടി പോലീസ്

തൃശ്ശൂർ: അനേകരിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത പ്രവീൺ റാണയുടെ അക്കൗണ്ടിൽ ഇപ്പോൾ പത്ത് പൈസയില്ലെന്ന് സൂചന. പൊലീസ് നടത്തിയ ചോദ്യം ചെയ്യല്ലിൽ ആണ് ഇക്കാര്യം പ്രവീൺ റാണ സമ്മതിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ വിരലിൽ അണിഞ്ഞ വിവാഹമോതിരം വിറ്റാണ് റാണ ഒളിവിൽ പോകാനുള്ള പണം സ്വരൂപിച്ചതെന്നാണ് റിപ്പോർട്ട്. അതിനിടെ താനാരേയും പറ്റിച്ചിട്ടില്ലെന്നും എല്ലാവർക്കും പണം നൽകുമെന്നും പ്രവീൺ റാണ പറഞ്ഞു. ബിസിനസ് മാത്രമാണ് ചെയ്തതെന്നും പ്രവീൺ റാണ പറയുന്നു.

അസാധ്യതുക വലിയ പലിശ ഇനത്തിൽ വാഗ്ദാനം ചെയ്ത് സേഫ് ആൻഡ് സ്ട്രോംഗ് എന്ന പേരിൽ
നിക്ഷേപ തട്ടിപ്പ് നടത്തിയ പ്രവീൺ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വഞ്ചനാകുറ്റം, അനധികൃത സാമ്പത്തിക ഇടപാട് എന്നീ വകുപ്പുകളാണ് ചുമത്തിയത്. മെഡിക്കൽ പരിശോധന പൂർത്തിയാക്കി നാളെ കോടതിയിൽ ഹാജരാക്കും. പൊള്ളാച്ചിയിലെ ഒളിസങ്കേതത്തിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാളെ പിടികൂടിയത്. തന്റെ കൈവശം യാതൊരു പൈസയുമില്ലെന്നാണ് പ്രവീൺ റാണ മൊഴി നൽകിയത്. അക്കൗണ്ട് കാലിയാണെന്നാണ് അവകാശവാദം.

പിടിയിലാകുന്നതിന് മുമ്പ് പണം ബിനാമി അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് അന്വേഷണ സംഘം കരുതുന്നത്. സുഹൃത്തിന് 16 കോടി കടം കൊടുത്തിട്ടുണ്ടെന്നും ഇത് തിരിച്ചുകിട്ടുമെന്നും അദ്ദേഹം പറഞ്ഞു. ആഡംബരവും ധൂർത്തും ദരിദ്രനാക്കിയെന്നാണ് ഇയാളുടെ മൊഴി. ഒളിവിൽ കഴിഞ്ഞ സമയത്ത് വിവാഹ മോതിരം വിറ്റ് 75,000 രൂപ ചെലവിനായി കണ്ടെത്തിയെന്നും മൊഴിയുണ്ട്. ഇതെല്ലാം തന്റെ കൈയിൽ ഒന്നുമില്ലെന്ന് വരുത്താനുള്ള പ്രവീൺ റാണയുടെ തന്ത്രമാണ്. ലൈഫ് ഡോക്ടർ എന്ന് വിളിപ്പേരുള്ള പ്രവീൺ റാണ മുഖ്യധാരാ മാധ്യമങ്ങളെ കൂട്ടു പിടിച്ചാണ് തന്റെ തട്ടിപ്പുകളെല്ലാം നടത്തിയത്. എല്ലാ നിക്ഷേപകർക്കും പണം കടുക്കുമെന്ന് പറഞ്ഞ് അതിവേഗ ജാമ്യത്തിനാണ് പ്രവീൺ റാണയുടെ ശ്രമം.

പണത്തിനായി പല സുഹൃത്തുകളേയും സമീപിച്ചെങ്കിലും അവരെല്ലാം കൈമലർത്തിയെന്നാണ് റാണ പൊലീസിനോട് പറഞ്ഞത്. ഒടുവിൽ കോയമ്പത്തൂരെത്തി വിവാഹ മോതിരം വിറ്റ് പണം കണ്ടെത്തി. പൊള്ളാച്ചിയിലെത്തുമ്പോൾ കയ്യിലുണ്ടായിരുന്നത് 75,000 രൂപയാണെന്നും റാണ പറയുന്നു. സുഹൃത്ത് ഷൗക്കത്തിന് 16 കോടി കടം കൊടുത്തതായി റാണ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇയാളെ ഒളിവിൽ പോകാൻ സഹായിച്ച രണ്ട് അംഗരക്ഷകരെ കസ്റ്റഡിയിലെടുത്തു. കൊച്ചിയിലെ ഫ്‌ളാറ്റിൽ പൊലീസ് എത്തിയതിന് പിന്നാലെ അവിടെ നിന്നും രക്ഷപ്പെട്ട റാണയെ സുഹൃത്തുക്കൾ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഇറക്കി. അവിടെ നിന്നും ബസിൽ ഇയാൾ അങ്കമാലി എത്തി. അങ്കമാലിയിൽ നിന്നും ബന്ധുവായ പ്രജിത്തിന്റെ കാറിലാണ് പൊള്ളാച്ചിയിലേക്ക് പോയതെന്നാണ് മൊഴി.

ജനുവരി ഏഴിനെ പുലർച്ചെയാണ് ഇയാൾ കൊച്ചിയിൽ നിന്നും പൊള്ളാച്ചിയിലേക്ക് കടന്നത്. പൊള്ളാച്ചിയിൽ റാണ ഒളിവിൽ കഴിഞ്ഞ ക്വാറിയുടെ ദൃശ്യങ്ങളും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. എന്നാൽ ഇയാൾ കണ്ണൂരു വഴിയാണ് കടന്നതെന്നും സൂചനകളുണ്ട്. അതിഥി തൊഴിലാളിയുടെ ഫോണിൽ നിന്ന് വീട്ടുകാരെ വിളിച്ചത് പിടികൂടുന്നതിൽ നിർണായകമായി. പെരുമ്പാവൂർ സ്വദേശിയാണ് ഒളിവിൽ കഴിയാൻ സഹായിച്ചതെന്നാണ് വിവരം.

റാണയുടെ പ്രധാന കൂട്ടാളിയായ വെളുത്തൂർ സ്വദേശി സതീഷിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. റാണയുടെ ബിനാമിയായി പ്രവർത്തിച്ചയാളാണ് സേഫ് ആൻഡ് സ്‌ട്രോംഗിന്റെ അഡ്‌മിൻ മാനേജർ കൂടിയായിരുന്ന സതീഷ്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് റാണെ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചത്. ആദ്യം കോയമ്പത്തൂരാണെന്ന് സംശയിച്ചെങ്കിലും മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊള്ളാച്ചിയിലെ ഒളിത്താവളത്തെക്കുറിച്ച് സൂചന ലഭിച്ചത്.

കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് പ്രവീൺ റാണ നടത്തിയത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി നിരവധി പരാതികളാണ് ലഭിച്ചത്. സംസ്ഥാനത്തിന് പുറത്തും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. പ്രവീൺ റാണ ഒളിവിൽ പോയതിന് പിന്നാലെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഉയർന്ന പലിശയും ലാഭവും വാഗ്ദാനം ചെയ്താണ് നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടിയെടുത്തത്. നിക്ഷേപകർ കൂട്ടത്തോടെ പരാതിയുമായി എത്തിയതോടെയാണ് ഒളിവിൽ പോയത്.