നടി അന്ന രേഷ്മ രാജനെ സ്വകാര്യ ടെലികോം ജീവനക്കാര്‍ പൂട്ടിയിട്ടതായി പരാതി

കൊച്ചി: ചലച്ചിത്ര നടി അന്ന രേഷ്മ രാജനെ സ്വകാര്യ ടെലികോ ജീവനക്കാര്‍ പൂട്ടിയിട്ടെന്ന് പരാതി. മൊബൈല്‍ സിം മാറ്റുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിന് ടെലികോം സേവനകേന്ദ്രത്തിലെത്തിയപ്പോഴായിരുന്നു സംഭവം. ഓഫീസ് ജീവനക്കാരിയുമായി സംസാരിച്ച് തര്‍ക്കം ഉണ്ടായതിനെത്തുടര്‍ന്ന് അവിടെയുള്ളവര്‍ ഷട്ടര്‍ താഴ്ത്തി പൂട്ടിയിടുകയും കയ്യില്‍ പിടിച്ചുവലിക്കുകയും ചെയ്‌തെന്ന് നടി ആരോപിച്ചു.

തര്‍ക്കം ഉണ്ടായതിനെത്തുടര്‍ന്ന് ജീവനക്കാരിയുടെ ചിത്രം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അവര്‍ ഗുണ്ടായിസം കാണിക്കുകയായിരുന്നുവെന്ന് നടി ആരോപിച്ചു. അവര്‍ കയ്യില്‍ പിടിച്ച് വലിച്ചപ്പോള്‍ നഖം തട്ടി മുറിവേറ്റു. നടിയാണെന്ന് പറയാതെ സാധാരണ ഒരാളായാണ് ഷോറൂമില്‍ പോയത്.

സംഭവത്തെത്തുടര്‍ന്ന് ഉടന്‍ തന്നെ പിതാവിന്റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയും അവര്‍ സ്ഥലത്തെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പോയെങ്കിലും പരാതി നല്‍കിയില്ല. ആക്രമിച്ച പെണ്‍കുട്ടി മാപ്പ് പറഞ്ഞതായി നടി പറഞ്ഞു. 25 വയസ്സില്‍ താഴെയുള്ള പ്രായമുള്ള പെണ്‍കുട്ടിയുടെ അപക്വതയോടെയുള്ള പെരുമാറ്റമായി കരുതി ക്ഷമിച്ചതായും നടി മാധ്യമങ്ങളോട് വ്യക്തമാക്കി.