പ്രശസ്ത കലാസംവിധായകന്‍ ആര്‍ട്ടിസ്റ്റ് കിത്തോ അന്തരിച്ചു

കൊച്ചി: പ്രശസ്ത ചലച്ചിത്ര കലാസംവിധായകന്‍ ആര്‍ട്ടിസ്റ്റ് കിത്തോ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

കുറ്റിക്കാട്ട് പൈലിയുടെയും വെറോണിക്കയുടെയും മകനായി കൊച്ചിയിലായിരുന്നു കിത്തോയുടെ ജനനം. ചിത്രകലയിലും ശില്പകലയിലും കുട്ടിക്കാലം മുതല്‍ താത്പര്യമുണ്ടായിരുന്ന കിത്തോ മുതിര്‍ന്നപ്പോള്‍ ചിത്രകൗമുദി എന്ന സിനിമാ മാഗസിനില്‍ എഴുതിയിരുന്ന നീണ്ട കഥകള്‍ക്ക് ഇല്യുസ്‌ട്രേഷന്‍ ചെയ്തുകൊണ്ടായിരുന്നു തുടക്കം. പിന്നീട് ഐ.വി.ശശി സംവിധാനം ചെയ്ത ഈ മനോഹര തീരം എന്ന ചിത്രത്തിലൂടെ കലാസംവിധായകനായി അരങ്ങേറ്റം കുറിച്ചു.

പിന്നീട് നിരവധി സിനിമകളില്‍ കലാസംവിധാനവും പരസ്യകലയും ഒരേപോലെ നിര്‍വ്വഹിക്കാനുള്ള അവസരം ലഭിക്കുകയായിരുന്നു. പരസ്യകലയോടൊപ്പം തന്നെ നിരവധി സിനിമകള്‍ നിര്‍മ്മിക്കുകയും കഥയെഴുതുകയും ചെയ്തിട്ടുണ്ട്. പില്‍ക്കാലത്ത് സിനിമാമേഖലയില്‍ നിന്ന് പിന്‍വാങ്ങിയ കിത്തോ ആത്മീയ ജീവിതത്തിലേക്കും ബൈബിള്‍ സംബന്ധിയായ പുസ്തകങ്ങളുടെ ഇല്യുസ്‌ട്രേഷനിലേക്കും തിരിഞ്ഞു. കൊച്ചിയില്‍ ഇളമകനോടൊപ്പം കിത്തോസ് ആര്‍ട്ട് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.

ഭാര്യ: ലില്ലി, മക്കള്‍: അനില്‍ കിത്തോ, കമല്‍ കിത്തോ