ഹാസ്യതാരം രാജു ശ്രീവാസ്തവ അന്തരിച്ചു

ന്യൂഡല്‍ഹി: പ്രമുഖ സ്റ്റാന്‍ഡ് അപ്പ് കോമേഡിയനും നടനും രാഷ്ട്രീയനേതാവുമായ രാജു ശ്രീവാസ്തവ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ആറ് ആഴ്ചയായി ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 10.45-ഓടെയായിരുന്നു അന്ത്യം.

ഓഗസ്റ്റ് 10-ാം തീയതി ജിമ്മില്‍ വെച്ചാണ് രാജു ശ്രീവാസ്തവയ്ക്ക് നെഞ്ചുവേദനയുണ്ടായത്. ട്രെഡ്മില്ലില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. എയിംസില്‍ പ്രവേശിച്ച അദ്ദേഹത്തെ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. അബോധാവസ്ഥയിലായ രാജു അന്നുമുതല്‍ വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോഗ്യനിലയില്‍ കാര്യമായ മാറ്റങ്ങളുണ്ടായിരുന്നു.

1963 ഡിസംബര്‍ 25-ന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ജനിച്ച രാജു ഗജോദര്‍ എന്ന കഥാപാത്രത്തിലൂടെയാണ് അറിയപ്പെടുന്നത്. ദി ഗ്രേറ്റ് ഇന്ത്യന്‍ ലോഫര്‍ ചലഞ്ച് എന്ന റിയാലിറ്റി ഷോയിലൂടെ സ്റ്റാന്‍ഡ് അപ് കോമഡിയില്‍ ശ്രദ്ധേയനായ അദ്ദേഹം പിന്നീട് സിനിമയിലേക്കും എത്തി. മേനെ പ്യാര്‍ കിയ, ബാസിഗര്‍, ബോംബെ ടു ഗോവ തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. ബിഗ് ബോസ് മൂന്നാം സീസണിലെ മത്സരാര്‍ത്ഥിയുമായിരുന്നു.

2014-ല്‍ കാണ്‍പൂര്‍ മണ്ഡലത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. പിന്നീട് പാര്‍ട്ടി നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് അതേവര്‍ഷം തന്നെ ബി.ജെ.പിയില്‍ ചേര്‍ന്നു. സ്വച്ഛ് ഭാരത് അഭിയാന്‍ കാമ്പയിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീവാസ്തവയെ നാമനിര്‍ദ്ദേശം ചെയ്യുകയും അദ്ദേഹം അതിന് വേണ്ടി ചെയ്തിരുന്നു. ക്യാമ്പയിനിന്റെ പരസ്യങ്ങളിലും ശ്രീവാസ്തവ അഭിനയിച്ചു.

ശിഖയാണ് ഭാര്യ. അന്താര, ആയുഷ്മാന്‍ എന്നിവര്‍ മക്കളാണ്.