കൊച്ചി: 46 സിനിമകളിലും നൂറിലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹൻലാലിനൊപ്പം ഒന്നിച്ചഭിനയിക്കാൻ രവി വള്ളത്തോളിന് സാധിച്ചിട്ടില്ല. രവിയുടെ വലിയൊരു ആഗ്രഹമായിരുന്നു ലാലിനൊപ്പം അഭിനയിക്കുക എന്നത്. ഒരിക്കൽ രവി ഇത് ലാലിനോട് നേരിട്ടു പറഞ്ഞു. അൽപം സങ്കടത്തോടെ. ഇക്കാര്യം മാധ്യമങ്ങളോട് പങ്ക് വയ്ക്കുകയും ചെയ്തു. രവിയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു’
”എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. മോഹൻലാലിന്റെ കൂടെ ഇതുവരെ എനിക്ക് അഭിനയിക്കാൻ കഴിഞ്ഞിട്ടില്ല. ഒരേ സിനിമയിൽ അഭിനയിച്ചിട്ടുണ്ട് പക്ഷേ നേർക്കു നേരെ നിന്ന് അഭിനയിച്ചിട്ടില്ല. വിഷ്ണുലോകത്തിലൊക്കെ ഉണ്ടങ്കിലും ഞാൻ വേറൊരു ക്യാരക്ടർ ആയിരുന്നു.ഞാൻ എഴുതിയ കഥ സിനിമയാക്കിയപ്പോഴും ലാൽ ആയിരുന്നു നായകൻ, രേവതിക്കൊരു പാവക്കുട്ടി.അതുപോലെ കാലാപാനിയിൽ തനിക്ക് നല്ലൊരു വേഷം അഭിനയിക്കുന്നതിനുള്ള അവസരം ലഭിച്ചതാണെങ്കിലും സീരിയലിലെ തിരക്കുകൾ കാരണം അന്നതിന് കഴിഞ്ഞില്ല”.
ദൂരദർശനിലെ വൈതരണി എന്ന സീരിയലിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. സ്വാതി തിരുനാളാണ് ആദ്യ സിനിമ. 25 ചെറുകഥകൾ എഴുതിയിട്ടുണ്ട്. ഗാനരചയിതാവായാണ് സിനിമാരംഗത്തു തുടക്കം കുറിക്കുന്നത്. ഭാര്യ:ഗീതാലക്ഷ്മി. രവിവള്ളത്തോളും ഭാര്യയും ചേർന്ന് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കു വേണ്ടി തണൽ എന്ന പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയിരുന്നു.
മാർ ഇവായിനിയോസ് കോളജിൽനിന്ന് ഡിഗ്രിയും കാര്യവട്ടം കേരള യൂണിവേഴ്സിറ്റിയിൽനിന്ന് പിജിയും നേടി. ദൂരദർശനിലെ വൈതരണി എന്ന സീരിയലിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സ്വാതി തിരുനാളാണ് ആദ്യ സിനിമ. 25 ചെറുകഥകൾ എഴുതിയിട്ടുണ്ട്. മതിലുകൾ, കോട്ടയം കുഞ്ഞച്ചൻ, ഗോഡ് ഫാദർ, വിഷ്ണു ലോകം, സർഗം, കമ്മിഷണർ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.
മഹാകവി വള്ളത്തോൾ നാരായണമേനോന്റെ അനന്തരവൾ മിനിയുടെയും നാടക ലോകത്തെ കുലപതികളിൽ ഒരാളായ ടി.എൻ. ഗോപിനാഥൻ നായരുടെയും മകനാണു രവീന്ദ്രനാഥനെന്ന രവി വള്ളത്തോൾ. സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടിയശേഷം വിദേശത്തും ദൂരദർശന്റെ വാർത്താ വിഭാഗത്തിലും ജോലി നോക്കവെയാണു ‘വൈതരണി’ എന്ന തന്റെ സീരിയലിൽ അഭിനയിക്കാൻ പി. ഭാസ്കരൻ ക്ഷണിക്കുന്നത്.
അടൂർ ഗോപാലകൃഷ്ണന്റെ ഏഴു സിനിമകളിൽ രവി ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ടി.വി. ചന്ദ്രൻ, എം.പി. സുകുമാരൻ നായർ തുടങ്ങിയവരുടെ ശ്രദ്ധിക്കപ്പെട്ട പല സിനിമകളിലും അഭിനയിച്ചു. ശ്രീഗുരുവായൂരപ്പൻ, വസുന്ധര മെഡിക്കൽസ്, മണൽസാഗരം, പാരിജാതം, അമേരിക്കൻ ഡ്രീംസ് തുടങ്ങിയ മെഗാ സീരിയലുകളിലും രവി ശ്രദ്ധേയനായി.