പാര്‍വതി തിരുവോത്തിന്റെ സിനിമ ‘വര്‍ത്തമാന’ത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്

തിരുവനന്തപുരം: പാര്‍വതി തിരുവോത്തിന്റെ പുതിയ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ‘വര്‍ത്തമാനം’ എന്ന ചിത്രത്തിനാണ് റീജണല്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത്. ചിത്രത്തില്‍ ദേശവിരുദ്ധ സംഭാഷണങ്ങളും മത സൗഹാര്‍ദം തകര്‍ക്കുന്ന രംഗങ്ങളും ഉണ്ടെന്ന് കാണിച്ചാണ് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചിരിക്കുന്നത്.

ആര്യാടന്‍ ഷൗക്കത്ത് തിരക്കഥയെഴുതിയ ചിത്രത്തില്‍ ജെഎന്‍യു, കശ്മീര്‍ വിഷയങ്ങളെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് ഡെല്‍ഹിയിലേക്ക് പഠനത്തിനെത്തുന്ന പെണ്‍കുട്ടിയുടെ കഥാപാത്രത്തെയാണ് പാര്‍വതി ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്. റോഷന്‍ മാത്യു, സിദ്ദിഖ്, നിര്‍മല്‍ പാലാഴി എന്നിവരും ചിത്രത്തില്‍ പ്രധാനവ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

കൂടുതല്‍ പരിശോധനകള്‍ക്കായി ചിത്രം റിവൈസിങ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്. സെന്‍സര്‍ബോര്‍ഡ് ചെയര്‍മാന്‍ തീരുമാനമെടുക്കുന്നതുവരെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സാധിക്കില്ല.