കൊച്ചി: ടൊവിനോ നായകനായ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ഓൺലൈൻ റിലീസ് നടത്താൻ അനുമതി. ചിത്രത്തിന് പൈറസി ഭീഷണിയുള്ളതിനാലാണ് അനുമതി. തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റേതാണ് തീരുമാനം. ഇന്ന് ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്. സിനിമക്ക് പൈറസി ഭീഷണി ഉള്ളതായും ആന്റോ ജോസഫ് ഫിയോക്കിനെ അറിയിച്ചിരുന്നു.
കൊറോണ വ്യാപനത്തിന് ശേഷം റിലീസ് മാറ്റിവച്ച ആദ്യ മലയാള സിനിമകളിൽ ഒന്നായിരുന്നു ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’. മാർച്ച് 12 നു ആയിരുന്നു സിനിമ റിലീസ് ചെയ്യാനിരുന്നത്. തിയറ്ററുകൾ അടയ്ക്കാനുള്ള തീരുമാനം വരുന്നതിനു മുൻപ് തന്നെ ചിത്രത്തിന്റെ സംവിധായകൻ റിലീസ് മാറ്റിവച്ച കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ടൊവിനോ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്.
ഓൺലൈൻ പ്ലാറ്റ്ഫോമിൽ സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിർമാതാവ് ആന്റോ ജോസഫ് സിനിമ സംഘടനകൾക്ക് കത്ത് നൽകിയിരുന്നു. തിയറ്റർ തുറക്കുന്നത് വരെ കാത്തിരിക്കുന്നത് സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഫിയോകിന് കത്തയച്ചിരിക്കുന്നത്.
സൂഫിയും സുജാതക്കും പിന്നാലെയാണ് ടോവിനോ ചിത്രം കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സും ഓൺലൈൻ റിലീസിന് എത്തുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിയറ്റർ റിലീസ് മാറ്റിവെച്ച ചിത്രമാണ് ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നത്.