”ഹിപ്പപ്പൊട്ടോമൊൺസ്ട്രോസ്ക്യുപ്പിഡാലിയോഫോബിയ “; ട്വിറ്ററിൽ ജനത്തെ ‘ശശിയാക്കി’ ശശി തരൂർ എംപി

കൊച്ചി: കടിച്ചാൽ പൊട്ടാത്ത വാക്കെന്ന് പറഞ്ഞു കേട്ടിട്ടേയുള്ളു. എന്നാൽ തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ ഇത്തരം വാക്കുകളുടെ ആശാനാണ്. ആരും കേട്ടിട്ടും പറഞ്ഞിട്ടുമില്ലാത്ത ഇംഗ്ലിഷ് വാക്കുകൾ എടുത്ത് അമ്മാനമാടുന്ന ശശി തരൂർ എംപി. ഇക്കുറി വിചിത്രമായ മൂന്നു വാക്കുകളാണ് ട്വീറ്റിൽ പ്രയോഗിച്ചത്.

തന്റെ ഇംഗ്ലിഷ് ഉച്ചാരണത്തെ അനുകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയ്ക്ക് മറുപടിയായുള്ള ട്വീറ്റിൽ മൂന്നു പുതിയ വാക്കുകളാണ് തരൂർ ഉപയോഗിച്ചിരിക്കുന്നത്. hippopotomonstrosesquipedaliophobia, garrulous, sesquipedalian എന്നീ വാക്കുകളിലൂടെ തരൂർ ശരിക്കും വായനക്കാരെ ശശിയാക്കി. കളിയാക്കലുകൾക്കൊപ്പം വാക്കുകളുടെ അർഥം തിരയുകയാണ് ആളുകൾ.

കൊമേഡിയനായ സലോനി ഗൗറാണ് തരൂരിന്റെ ഇംഗ്ലിഷ് ഉച്ചാരണത്തെയും ഭാഷാ പ്രയോഗത്തെയും അനുകരിച്ച് വിഡിയോ പോസ്റ്റ് ചെയ്തത്. എന്നാൽ ശക്തമായ വാക്കുകളിലൂടെ തിരിച്ചടിച്ച് ശശി തരൂർ സലോനിയെ മുട്ട് കുത്തിച്ചിരിക്കയാണ്.