കൊറോണ നിയന്ത്രണങ്ങൾ ലംഘിച്ച് പ്രൊമോഷൻ ഷോ; അല്ലു അർജുൻ ചിത്രം ‘പുഷ്‍പ’ക്ക് എതിരേ കേസ്

ഹൈദരബാദ്: അല്ലു അര്‍ജുൻ ചിത്രം ‘പുഷ്‍പ’ 17നാണ് റിലീസ് ചെയ്യുന്നത്. ഫഹദ് ഫാസില്‍ ചിത്രത്തില്‍ വില്ലനായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. മലയാളികളും കാത്തിരിക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ് ‘പുഷ്‍പ’. അതിനിടയില്‍ അല്ലു ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് എതിരെ കേസെടുത്ത വാര്‍ത്തകളും പുറത്തുവരികയാണ്.

കൊറോണ നിയന്ത്രണങ്ങൾ ലംഘിച്ച് പ്രൊമോഷൻ ഷോ നടത്തിയതിനാണ് കേസ്. 5000 പേർക്ക് അനുമതി നൽകിയിരുന്നിടത്ത് 15000 പേരെ പ്രവേശിപ്പിച്ചിരുന്നു. ഹൈദരാബാദ് പൊലീസാണ് ചിത്രത്തിന്റെ നിര്‍മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‍സിനെതിരെ കേസെടുത്തത്. തെലുങ്കിനൊപ്പം മലയാളം, തമിഴ്, ഹിന്ദി, കന്നഡ പതിപ്പുകളിലും റിലീസ് ചെയ്യപ്പെടുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായാണ് എത്തുക.

മൈത്രി മൂവി മേക്കേഴ്‍സ്, മുട്ടംസെട്ടി മീഡിയ എന്നീ ബാനറുകളില്‍ നവീന്‍ യെര്‍നേനി, വൈ രവിശങ്കര്‍ എന്നിവരാണ് നിര്‍മ്മാണം. ‘പുഷ്‍പ’ എന്ന ചിത്രത്തിലെ ഒരു ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു. രമ്യാ നമ്പീശനാണ് ചിത്രത്തില്‍ മലയാള ഗാനം ആലപിച്ചത്. ‘ഓ ചൊല്ലുന്നോ മാമ’ എന്ന ഗാനം വിവിധ ഭാഷകളില്‍ പുറത്തിറങ്ങിയിട്ടുണ്ട്.

സിജു തുറവൂരിന്‍റെ വരികള്‍ക്ക് ദേവി ശ്രീ പ്രസാദ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സുകുമാര്‍ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തില്‍ നായികയാവുന്നത് രശ്‍മിക മന്ദാനയാണ്. ഛായാഗ്രഹണം മിറോസ്ലാവ് ക്യൂബ ബ്രോസെക്. എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്.