ന്യൂഡെല്‍ഹി: പ്രമുഖ വിഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സ് ഇന്ത്യയിലെ നിരക്കുകള്‍ കുറച്ചു. മൊബൈല്‍ പ്ലാന്‍ 199ല്‍നിന്ന് 149 ആയും ടെലിവിഷനില്‍ ഉപയോഗിക്കാവുന്ന ബേസിക് പ്ലാന്‍ 499ല്‍നിന്ന് 199 ആയുമാണ് കുറച്ചത്.
മുഖ്യ എതിരാളിയായ ആമസോണ്‍ പ്രൈം നിരക്കുകള്‍ അന്‍പതു ശതമാനത്തോളം വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് നെറ്റ്ഫ്ളിക്സ് നിരക്കുകളില്‍ കുറവു വരുത്തിയത്.
പ്രതിമാസം 149 രൂപയ്ക്ക് ഉപയോഗിക്കാവുന്ന മൊബൈല്‍ പ്ലാനില്‍ മെച്ചപ്പെട്ട വിഡിയോ ക്വാളിറ്റിയില്‍ മൊബൈല്‍ ഫോണിലും ടാബിലും സിനിമകളും മറ്റു പരിപാടികളും കാണാം. 199 രൂപയ്ക്ക് ഉപയോഗിക്കാവുന്ന ബേസിക് പ്ലാനില്‍ ഫോണ്‍, ടാബ്, കംപ്യൂട്ടര്‍, ടിവി എന്നിവയില്‍ വിഡിയോ കാണാനാവും.
മികച്ച വിഡിയോ ക്വാളിറ്റിയില്‍ ചിത്രങ്ങള്‍ കാണാവുന്ന സ്റ്റാന്‍ഡേര്‍ഡ് പ്ലാനിന് പ്രതിമാസം 499 രൂപയാണ് നല്‍കേണ്ടത്. ഫോണ്‍, ടാബ്, കംപ്യൂട്ടര്‍, ടിവി എന്നിവയില്‍ ഉപയോഗിക്കാം. നേരത്തെ ഈ പ്ലാനിന് 649 രൂപയായിരുന്നു നല്‍കേണ്ടിയിരുന്നത്.
ഫോര്‍ കെ, എച്ച്ഡി ക്വാളിറ്റിയില്‍ ചിത്രങ്ങള്‍ കാണാവുന്ന പ്രീമിയം പ്ലാനിന് 649 രൂപയാണ് ചാര്‍ജ്. നേരത്തെ ഇത് 799 രൂപയായിരുന്നു