ചുരുളിയിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി; കോടതി നോട്ടീസ് അയച്ചു

കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് സോണി ലിവിൽ പുറത്തിറങ്ങിയ ചുരുളി എന്ന സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി. ചിത്രത്തിലെ ദൃശ്യങ്ങൾ പരിശോധിച്ചശേഷം ജസ്റ്റിസ് എൻ. നഗരേഷാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

സെൻസർ ബോർഡ്, സിനിമയുടെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, സോണി പിക്ചേഴ്സ് എം.ഡി, നടന്മാരായ ചെമ്പൻ വിനോദ് ജോസ്, ജോജു ജോർജ്, ജാഫർ ഇടുക്കി എന്നിവർക്കെതിരെ കോടതി നോട്ടീസും അയച്ചു.

അഭിഭാഷകയായ പെഗ്ഗി ഫെൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്. പൊതു ധാർമികതയ്ക്ക് ചേർത്ത അസഭ്യവാക്കുകൾ നിറഞ്ഞതാണ് ചിത്രമെന്നാണ് അവർ ഹർജിയിൽ പറഞ്ഞത്. സ്ത്രീകളുടേയും കുട്ടികളുടേയും മാന്യതയെ പ്രകോപിപ്പിക്കുന്നതാണ് സിനിമയിലെ ഭാഷയെന്നും ഹർജിയിൽ ആരോപിക്കുന്നു. ചുരുളി ഒ.ടി.ടി പ്ലാറ്റ്ഫോമിൽ നിന്ന് നീക്കം ചെയ്യണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

സിനിമയുടെ റിലീസിന് അനുമതി നൽകിയതിലൂടെ സെൻസർ ബോർഡ് ചട്ടങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചുവെന്നും അത്തരം റിലീസ് ഇന്ത്യൻ ശിക്ഷാനിയമപ്രകാരമുള്ള കുറ്റങ്ങൾക്ക് വിധേയമാകുമെന്നും ഹർജിക്കാരി ആരോപിച്ചു. കൊറോണ കാലമായതിനാൽ വീടുകളിൽ കഴിയുന്ന കുട്ടികൾ ഇത്തരം ഉള്ളടക്കങ്ങളിലേക്കെത്താനുള്ള സാധ്യത കൂടുതലാണെന്നും ഹർജിക്കാരി ആരോപിക്കുന്നു.

കഴിഞ്ഞ മാസം 19-നാണ് സോണി ലിവിൽ ചുരുളി റിലീസായത്. പ്രദർശനത്തിനെത്തിയതുമുതൽ ചിത്രത്തിലെ സംഭാഷണങ്ങളിലെ മോശം പ്രയോഗങ്ങൾ വ്യാപകമായ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു. ഇതോടെ സെൻസർ ചെയ്ത പതിപ്പല്ല ഒ.ടി.ടിയിൽ റിലീസ് ചെയ്തതെന്ന് സെൻസർബോർഡ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.