ചെന്നൈ: വിജയ് സേതുപതിയെ നായകനാക്കി എം. മണികണ്ഠൻ സംവിധാനം ചെയ്യുന്ന കടൈസി വിവസായി എന്ന ചിത്രത്തിനെതിരേ സംഗീത സംവിധായകൻ ഇളയരാജ. ചിത്രത്തിൽ നിന്ന് തന്നെ നീക്കം ചെയ്തത് അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ തമിഴ്നാട് മ്യൂസിക് യൂണിയനിൽ പരാതി നൽകിയത്.
ചിത്രത്തിൽ നേരത്തെ സംഗീത സംവിധാനത്തിന് ചുമതലപ്പെടുത്തിയത് ഇളയരാജയെയായിരുന്നു. എന്നാൽ അദ്ദേഹം ചിട്ടപ്പെടുത്തിയ ഈണങ്ങളിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തൃപ്തരായില്ല. തുടർന്ന് സംഗീത സംവിധായകൻ സന്തോഷ് നാരായണനെ ഏൽപ്പിക്കുകയായിരുന്നു.
ചിത്രത്തിന്റെ പുതിയ ട്രെയ്ലർ കുറച്ച് ദിവസങ്ങൾക്ക് മുൻപ് പുറത്ത് വന്നിരുന്നു. ക്രെഡിറ്റിൽ സന്തോഷ് നാരായണന്റെ പേരാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തന്റെ അനുവാദമോ അറിവോ കൂടാതെയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഈ നീക്കം നടത്തിയതെന്ന് ഇളയരാജ ആരോപിക്കുന്നു.