കൊച്ചി: മോഹൻലാൽ നായകനായി എത്തിയ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ സിനിമയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ചോർന്നു. പ്രിയദർശൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ട ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളാണ് ചോർന്നത്.
ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് ക്ലൈമാക്സ് രംഗങ്ങൾ ഒരു യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടത്. തിയേറ്ററിനുള്ളിൽ നിന്ന് മൊബൈൽ ഫോണിൽ ചിത്രീകരിച്ച അവ്യക്തമായ രംഗങ്ങളാണ് പ്രചരിച്ചത്. മോഹൻലാലിന്റെയും മറ്റു താരങ്ങളുടെയും ആമുഖ രംഗങ്ങളും ഇതുപോലെ പ്രചരിപ്പിക്കുകയാണ്.
ക്ലൈമാക്സ് രംഗം പോസ്റ്റ് ചെയ്ത യൂട്യൂബ് ചാനലിൽ നിന്ന് വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. വ്യാജ പതിപ്പുകൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് നിർമാതാക്കൾ. ചിത്രത്തിനെതിരേ വ്യാപകമായ ഡീഗ്രേഡിങ് നടക്കുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.