‘കുറുപ്പ്‌’ സിനിമയ്ക്ക്‌ കുവൈറ്റിൽ പ്രദർശന നിരോധനം ഏർപ്പെടുത്തി

കുവൈറ്റ് : ആഗോള വ്യാപകമായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ദുൽഖർ സൽമാൻ നായകനായ ‘കുറുപ്പ്‌’ സിനിമയ്ക്ക്‌ കുവൈറ്റിൽ പ്രദർശന നിരോധനം ഏർപ്പെടുത്തി. കുവൈറ്റ് വാർത്താ, വിവര പ്രക്ഷേപണ മന്ത്രാലയമാണു സിനിമക്ക്‌ പ്രദർശന വിലക്ക്‌ ഏർപ്പെടുത്തിയത്‌.

ചിത്രത്തിന്റെ ക്ലൈമാക്സിൽ കുവൈറ്റുമായി ബന്ധപ്പെട്ട ചില ദൃശ്യങ്ങളും പരാമർശങ്ങളും ഉൾപ്പെടുത്തിയിരുന്നു. ഇതു കാരണമാണു ചിത്രത്തിനു കുവൈറ്റിൽ പ്രദർശ്ശന വിലക്ക്‌ ഏർപ്പെടുത്തിയത്‌ എന്നാണു സൂചന. ചാക്കോ യെ കൊലപ്പെടുത്തിയ കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിൻ്റെ ജീവിതം അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. സുകുമാരക്കുറുപ്പ് കുവൈറ്റിൽ ദീർഘനാൾ തങ്ങിയതായി കുവൈറ്റിലെ ഒരു സീനിയർ മാധ്യമ പ്രവർത്തകൻ വെളിപ്പെടുത്തിയിരുന്നു.

ചിത്രം പുറത്തിറങ്ങിയ ദിവസം തന്നെയായിരുന്നു കുവൈറ്റിലും സിനിമയുടെ റിലീസ്‌ തീരുമാനിച്ചത്‌. സിനി സ്കേപ്‌, ഓസോൺ എന്നീ കേന്ദ്രങ്ങൾ വഴിയായിരുന്നു പ്രദർശനം ക്രമീകരിച്ചിരുന്നത്‌. എന്നാൽ കഴിഞ്ഞ ദിവസം ഓൺ ലൈൻ വഴി ടിക്കറ്റ്‌ ബൂക്കിംഗ്‌ നടത്താൻ ശ്രമിച്ചവർക്ക്‌ ബൂക്കിംഗ്‌ സാധ്യമായിരുന്നില്ല. ഇതേ തുടർന്നു അന്വേഷണം നടത്തിയവർക്കാണു സിനിമയ്ക്ക്‌ പ്രദർശന നിരോധനം ഏർപ്പെടുത്തിയ വിവരം ലഭിച്ചത്‌.