എഴുപതോ, ഇരുപത്തേഴോ ! ; പ്രായത്തെ വെല്ലുന്ന മാസ് ലുക്കില്‍ വീണ്ടും മമ്മൂട്ടി; ഇത് എങ്ങിനെ സാധിക്കുന്നു?; ആരാധകരും സഹതാരങ്ങളും

കൊച്ചി: പ്രായം എഴുപതില്‍ എത്തിയിട്ടും ചെറുപ്പക്കാര്‍ തോറ്റുപോകുന്ന ഒരു ഇരുപത്തേഴ് മുപ്പതിൻ്റെ ലുക്കുമായി വീണ്ടും മമ്മൂട്ടി. എല്ലാവരേയും എല്ലായിപ്പോഴും അത്ഭുതപ്പെടുത്തുന്ന ശരീര സൗന്ദര്യത്തിന് ഉടമയായ മമ്മൂട്ടിയുടെ പുതിയ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.

ബ്ലാക്ക് ആന്റ് വൈറ്റ് ലുക്കില്‍ നില്‍ക്കുന്ന മമ്മൂട്ടിയെ കണ്ടാല്‍ ഏതൊരു ചെറുപ്പക്കാരനും ഇത്തിരി അസൂയ തോന്നാതിരിക്കില്ല. അടുത്ത മാസം എഴുപത് വയസ്സ് തികയാന്‍ പോകുകയാണ് മലയാളത്തിലെ ഈ സൂപ്പര്‍സ്റ്റാറിന് എന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസമാകും. ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായ ഈ പുതിയ ചിത്രത്തിന് ആരാധകരില്‍ നിന്നും സഹതാരങ്ങളില്‍ നിന്നും വളരെ രസകരമായ കമന്റുകളും എത്തുന്നുണ്ട്.

മലയാളത്തിലെ ഒരു മാഗസിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രമാണ് വൈറലായിരിക്കുന്നത്. ചിത്രം മമ്മൂട്ടി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഫോട്ടോഗ്രാഫര്‍ ഷാനി ഷാകിയാണ് ചിത്രം പകര്‍ത്തിയത്. വാപ്പച്ചിയുടെ മാസ് ലുക്ക് ചിത്രം മകന്‍ ദുല്‍ഖര്‍ സല്‍മാനും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ചക്രവര്‍ത്തി എന്ന ക്യാപ്ഷനോടെയാണ് ചിത്രം ദുല്‍ഖര്‍ പങ്കുവച്ചിരിക്കുന്നത്.

ചിത്രത്തിന് സുപ്രിയ മേനോന്‍, പൃഥ്വിരാജ്, സഞ്ജയ് കപൂര്‍, മനോജ് കെ ജയന്‍, അനുപമ പരമേശ്വരന്‍ തുടങ്ങി നിരവധി താരങ്ങള്‍ കമന്റ് ചെയ്തിട്ടുണ്ട്. ‘ഈ ലോകത്ത് മമ്മൂക്കയ്ക്ക് മാത്രം എങ്ങിനെയാണ് ഇങ്ങനെ സാധിയ്ക്കുന്നതെന്ന് ദുല്‍ഖര്‍ പങ്കുവെച്ച ചിത്രത്തിന് കമന്റായി പൃഥ്വിരാജ് ചോദിക്കുന്നു. അന്യായം എന്നാണ് നീരജ് മാധവന്റെ കമന്റ്.

ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, രമേഷ് പിഷാരടി തുടങ്ങിയവരും മമ്മൂട്ടി പങ്കുവച്ച ചിത്രത്തിന് കമന്റ് എഴുതിയിട്ടുണ്ട്. കമന്റിന്റെ കാര്യത്തില്‍ ആരാധകരും ഒട്ടും പിന്നിലല്ല. മമ്മൂട്ടിയുടെ ഫോട്ടോ കണ്ട് പ്രായം, അല്പം ബഹുമാനം ഒക്കെ ആവാം എന്ന് ഒരു ആരാധകന്‍ അഭിപ്രായപ്പെടുന്നു. ഈ പ്രായത്തിലും ശരീരം നിലനിര്‍ത്തുന്ന കാര്യത്തില്‍ മമ്മൂട്ടിയ്ക്ക് നൂറില്‍ നൂറ് മാര്‍ക്ക് നല്‍കുന്നവരും ഉണ്ട്.

സെപ്റ്റംബര്‍ 7 ന് എഴുപത് വയസ്സ് ആണെന്ന് ഓര്‍മിപ്പിയ്ക്കുകയാണ് മറ്റ് ചിലര്‍. സമൂഹ മാധ്യമത്തില്‍ ഇത്രയധികം വൈറലായ ഒരു ചിത്രത്തിന് ട്രോളുകള്‍ പിറന്നില്ലെങ്കിങ്ങിനെ.. എഴുപതുകളില്‍ മമ്മൂട്ടിയുടെ രൂപവും, എഴുപതിലേക്ക് കടക്കുമ്പോഴുള്ള മമ്മൂട്ടിയുടെ രൂപവും വച്ചുള്ളതാണ് ഇതില്‍ ശ്രദ്ധേയം.