പണം മുടക്കിയുള്ള ആദരം വേണ്ടന്ന് സംസ്ഥാന സര്‍ക്കാരിനോട് മമ്മൂട്ടി

തിരുവനന്തപുരം: സിനിമയില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ വേളയില്‍ തന്നെ ആദരിക്കുന്നതിനായി പണം മുടക്കി ഒന്നും ചെയ്യേണ്ടെന്ന് മമ്മൂട്ടി. കഴിഞ്ഞ ദിവസം നിയമസഭയില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ സര്‍ക്കാര്‍ മമ്മൂട്ടിയെ ആദരിക്കുമെന്ന് പറഞ്ഞിരുന്നു. ഇക്കാര്യം നേരിട്ട് പറയാന്‍ സംസാരിച്ചപ്പോളാണ് മമ്മൂട്ടി ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചതെന്ന് മന്ത്രി പറഞ്ഞു.

മമ്മൂട്ടിയുടെ ആഗ്രഹം അങ്ങനെയായതിനാല്‍ ഒരു ലളിത ചടങ്ങ് മതിയെന്നും ഇത് സന്തോഷത്തിന്റെ മുഹൂര്‍ത്തമാണെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ‘കേരളത്തിന്റെ സാംസ്‌കാരിക മേഖലയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവന അത് വളരെ വലുതാണ്. വലിയ ആശയങ്ങള്‍ സംഭാവന ചെയ്ത മഹാനായ ഒരു കലാകാരനാണ് അദ്ദേഹം. പ്രത്യേകിച്ച് മതനിരപേക്ഷമായ അന്തരീക്ഷത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്,’ സജി ചെറിയാന്‍ പറഞ്ഞു.

1971 ഓഗസ്റ്റ് 6ന് റിലീസ് ചെയ്ത് അനുഭവങ്ങള്‍ പാളിച്ചകള്‍ ചിത്രത്തിലാണ് മമ്മൂട്ടി ആദ്യമായി അഭിനയിച്ചത്. ബഹുദൂറിന് ഒപ്പമുള്ള ഒരു സീനായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. അഭിഭാഷകനായി യോഗ്യത നേടിയെയ മമ്മൂട്ടി രണ്ടു വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷക ജോലിയും ചെയ്തു. പിന്നീടാണ് അഭിനയരംഗത്തേക്ക് പൂര്‍ണമായി മാറുന്നത്.

സജിന്‍ എന്ന പേരിലായിരുന്നു തുടക്കക്കാലത്ത് അഭിനയിച്ചിരുന്നത്. പിന്നീട് 1980 ല്‍ കെ ജി ജോര്‍ജ് സംവിധാനം ചെയ്ത മേളയാണ് മമ്മൂട്ടിക്ക് കരിയറില്‍ ബ്രേക്ക് നല്‍കുന്നത്. പിന്നീട് പി ജി വിശ്വംഭരന്‍, ഐവി ശശി, ജോഷി, സത്യന്‍ അന്തിക്കാട് തുടങ്ങി നിരവധി സംവിധായകരുടെ സിനിമയിലൂടെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ പട്ടം സ്വന്തമാക്കുകയായിരുന്നു.

50 വര്‍ഷത്തെ അഭിനയ കാലയളവില്‍ മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, 12 തവണ ഫിലിംഫെയര്‍ പുരസ്‌കാരവും മമ്മൂട്ടിക്ക് ലഭിച്ചിട്ടുണ്ട്. 1998ല്‍ ഭാരതസര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, കന്നട ഭാഷകളിലായി ഇതുവരെ നാന്നൂറിലധികം സിനിമകളില്‍ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്.