വീണ്ടും ഗുസ്തിക്കാരനാകാൻ മോഹൻലാൽ; മുൻ സംസ്ഥാന ഗുസ്തി ചാമ്പ്യൻ പ്രശസ്ത ബോക്സറുടെ കീഴിൽ പരിശീലനത്തിൽ

ചെന്നൈ: മുൻ സംസ്ഥാന ഗുസ്തി ചാമ്പ്യനായ മോഹൻലാൽ വീണ്ടും ഗുസ്തിക്കാരനാകാൻ പ്രശസ്ത ബോക്സറുടെ കീഴിൽ പരിശീലനത്തിൽ. 1977-78 ലെ സംസ്ഥാന ഗുസ്തി ചാമ്പ്യൻ ബോക്സിംഗ് പരിശീലിക്കുകയാണ്. നമ്മുടെ ലാലേട്ടൻ. ആര്യൻ,​ ജീവന്റെ ജീവൻ എന്നീ സിനിമകളിൽ ബോക്സറുടെ റോളിൽ തിളങ്ങിയ മോഹൻലാൽ വീണ്ടും അതേ വേഷത്തിൽ.

മോഹൻലാലിനെ സംസ്ഥാനത്തെ പേരുകേട്ട ബോക്സറായ തിരുവനന്തപുരം ആനയറ സ്വദേശി പ്രേംനാഥ് ബോക്സിംഗ് പരിശീലിപ്പിക്കുന്നു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന സ്പോർട്സ് ചിത്രത്തിന് വേണ്ടിയാണ് ലാലിന്റെ പരിശീലനം. ലാലിന്റെ താൽപര്യ പ്രകാരമാണ് കേരള സ്പോർട്ട്സ് കൗൺസിലിലെ കോച്ചായ പ്രേംനാഥ് എത്തിയത്.

ചെന്നൈയിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന,​ മോഹൻലാൽ സംവിധാനം ചെയ്യുന്ന ബാറോസ് എന്ന ചിത്രത്തിന്റെ ഇടവേളകളിൽ സമയം കണ്ടെത്തിയാണ് പരിശീലനം. കഴിഞ്ഞ 11നാണ് പരിശീലനം ആരംഭിച്ചത്.
ദിവസം രണ്ടുമണിക്കൂർ വരെ മോഹൻലാൽ ഇതിനായി സമയം കണ്ടെത്തുന്നുണ്ട്. ചിലദിവസങ്ങളിൽ ലാലിന്റെ ചെന്നൈയിലെ വീട്ടിലാണ് പരിശീലനം. ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല.ലാലിനെ വച്ച് ബോക്സിംഗ് പ്രമേയമാക്കി ഒരു ചിത്രം ഒരുക്കുന്നുവെന്ന് അടുത്തിടെ പ്രിയദർശൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

പിന്നാലെ ലാൽ ബോക്സിംഗ് പരിശീലിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. പ്രേംനാഥിനെ കണ്ടെത്തിയത് മോഹൻലാൽവർഷങ്ങൾക്ക് മുമ്പ് പാങ്ങോട് മിലിട്ടറി ക്യാമ്പിൽ ഗൂർഖ റെജിമെന്റ് നിലവിലുള്ള കാലത്ത് അവിടത്തെ ബോക്സിംഗ് കോച്ചായിരുന്നു പ്രേംനാഥ്. അന്ന് ഗൂർഖ റെജിമെന്റിന് ദേശീയ പുരസ്കാരം നേടികൊടുത്തതിന് പിന്നിൽ പ്രേംനാഥിന്റെ പരിശീലനമായിരുന്നു.

മികച്ച കോച്ചിനുള്ള അവാർഡ് നൽകി പാങ്ങോട് റെജിമെന്റ് പ്രേംനാഥിനെ ആദരിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ച് പ്രേംനാഥിന്റെ പേര് നിർദ്ദേശിച്ചത് മോഹൻലാലാണ്.ബാറോസ്, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്നീ ചിത്രങ്ങൾ പൂർത്തിയായ ശേഷമേ പ്രിയദർശൻ ചിത്രം ആരംഭിക്കൂ എന്ന് അണിയറ പ്രവർത്തകർ പറയുന്നു.