തുടര്‍ച്ചയായി വിവാദ ട്വീറ്റുകള്‍; വിമര്‍ശനങ്ങളിലും പിന്‍വാങ്ങാതെ കങ്കണ

മുംബൈ: രാജ്യത്ത് കൊറോണ വ്യാപനം അതിന്റെ അത്യുന്നതിയില്‍ എത്തി നില്‍ക്കുമ്പോള്‍ വാക്‌സിനേഷന്‍ സംബന്ധിച്ചും ഓക്‌സിജന്‍ ക്ഷാമം സംബന്ധിച്ചും വിവാദ ട്വീററുകള്‍ ചെയത് വാര്‍ത്തയില്‍ ഇടം നേടിയിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ റണൗട്ട്.

വാക്‌സിനെ കുറ്റം പറഞ്ഞ ദേശവിരുദ്ധര്‍ക്ക് ഇപ്പോള്‍ വാക്‌സിന്‍ വേണമെന്നാണ് കങ്കണയുടെ പരിഹാസം. വാക്‌സിനേഷനെക്കുറിച്ചുള്ള കങ്കണയുടെ തന്നെ ട്വീറ്റ് റീട്വീററ് ചെയ്തു കൊണ്ടാണ് താരം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

വാക്സിനെതിരെ ആദ്യം തെറ്റായ ക്യാമ്പയിനും പ്രതിഷേധവും നടത്തിയ ദേശദ്രോഹികള്‍ക്കാണ് ഇപ്പോള്‍ വാക്സിന്‍ വേണ്ടത്. അന്ന് അതെക്കുറിച്ച് പറഞ്ഞ താന്‍ വെറുക്കപ്പെട്ടവളായി. ഇപ്പോള്‍ രാജ്യം ഒരു പ്രതിസന്ധി ഘട്ടത്തിലാണെങ്കിലും ചില കാര്യങ്ങള്‍ കാണുമ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല. കങ്കണ ട്വീറ്റ് ചെയ്തു.

ഇതിന് മുന്‍പ് ഓക്‌സിജന്‍ ക്ഷാമം സംബന്ധിച്ചും, മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടയ്ക്കണമെന്നും പരാമാര്‍ശിക്കുന്ന ട്വീറ്റുകളുമായി കങ്കണ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവ രണ്ടും ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു.

ആര്‍ക്കെങ്കിലും ഓക്‌സിജന്‍ ക്ഷാമം അനുഭവപ്പെടുന്നുവെങ്കില്‍ അവര്‍ മരങ്ങള്‍ നട്ട് വളര്‍ത്തണമെന്നായിരുന്നു ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ചുള്ള കങ്കണയുടെ ട്വീറ്റ്. രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നും മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടയ്ക്കണമെന്നും ആയിരുന്നു ഇവരുടെ മറ്റൊരു അഭിപ്രായം.

ഇരു ട്വീറ്റുകള്‍ക്കും കങ്കണയെ അനുകൂലിച്ചും പ്രതികൂലിച്ചും ബോളിവുഡില്‍ നിന്ന് അടക്കമുള്ളവര്‍ വരെ അഭിപ്രായം രേഖപ്പെടുത്തിയെങ്കിലും ഇതില്‍ ഒന്നും തീരുന്നില്ല എന്ന നിലപാടൊടെയാണ് താരത്തിന്റെ പുതിയ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.