നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി. ബാലചന്ദ്രൻ അന്തരിച്ചു

കോട്ടയം :നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി. ബാലചന്ദ്രൻ അന്തരിച്ചു. 69 വയസ്സായിരുന്നു. എട്ടു മാസമായി മസ്തിഷ്കജ്വരത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് വൈക്കത്ത് വീട്ടുവളപ്പിൽ നടക്കും.

അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘വണ്ണിൽ’ പ്രതിപക്ഷ എംഎൽഎയുടെ വേഷം ചെയ്തിരുന്നു. വൈക്കം മുനിസിപ്പൽ ചെയർപേഴ്സൺ ആയിരുന്ന ശ്രീലതയാണ് ഭാര്യ. ശ്രീകാന്ത്, പാർവതി എന്നിവർ മക്കളാണ്.

കൊല്ലം ജില്ലയിലെ ശാസ്താം കോട്ടയിൽ പദ്മനാഭപിള്ളയുടെയും സരസ്വതിഭായിയുടെയും മകനായി ജനനം. കേരള സർവ്വകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തരബിരുദവും, അധ്യാപന രംഗത്തെ ബി.എഡ് ബിരുദവും ഒപ്പം തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് സംവിധാനം ഐച്ഛികമായി നാടക-തീയറ്റർ കലയിൽ ബിരുദവുമെടുത്തു. 1972 ഇൽ മാതൃഭൂമി വിഷുപ്പതിപ്പ് നടത്തിയ കോളേജ് തലമത്സരത്തിൽ ‘താമസി’ എന്ന നാടകത്തിനു ഒന്നാം സ്ഥാനം ലഭിച്ചു.

എംജി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേർസിൽ ലക്ചറർ ആയാണ് തുടക്കം.സ്കൂൾ ഓഫ് ഡ്രാമയിൽ കുറച്ചു കാലം അദ്ധ്യാപകൻ ആയിരുന്നു.സ്കൂൾ ഓഫ് ഡ്രാമയുടെ റെപെർടറി തിയേറ്റർ ആയ ‘കൾട്’ൽ പ്രവർത്തിച്ചു. “മകുടി (ഏകാഭിനയ ശേഖരം), പാവം ഉസ്മാൻ ,മായാസീതങ്കം ,നാടകോത്സവം” എന്ന് തുടങ്ങി നിരവധി നാടകങ്ങൾ രചിച്ചു. ഏകാകി,ലഗോ,തീയറ്റർ തെറാപ്പി,ഒരു മധ്യവേനൽ പ്രണയരാവ്, ഗുഡ് വുമൻ ഓഫ് സെറ്റ്സ്വാൻ തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്തു.

‘പാവം ഉസ്മാൻ’ എന്ന നാടകത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. 1989ലെ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് പി ബാലചന്ദ്രന് “പാവം ഉസ്മാൻ നേടിക്കൊടുത്തു. കേരളസംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ് 1989ൽ നേടി.”പ്രതിരൂപങ്ങൾ” എന്ന നാടകരചനക്കായിരുന്നു അത്. “പുനരധിവാസം” എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാർഡ് നേടി. മികച്ച നാടക രചനക്കുള്ള 2009ലെ കേരള സംഗീതനാടക
അക്കാദമി അവാർഡും പി ബാലചന്ദ്രനായിരുന്നു.

മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരൻ,സാഹിത്യ അക്കാദമി അവാർഡ് ജേതാവ്. ചലച്ചിത്ര കഥ-തിരക്കഥാകൃത്ത് എന്ന നിലയിൽ ശ്രദ്ധേയൻ. ഭദ്രന്റെ സംവിധാനം ചെയ്ത ‘അങ്കിൾ ബൺ’ എന്ന സിനിമയാണ് തിരക്കഥാകൃത്ത് എന്ന നിലയിൽ ആദ്യം പുറത്തിറങ്ങിയ സിനിമ. പിന്നീട് ശ്രദ്ധേയമായ ചിത്രങ്ങളുടെ പിന്നണി പ്രവർത്തകനായായിരുന്നു. ഉള്ളടക്കം, പവിത്രം, തച്ചോളി വർഗീസ് ചേകവർ, മാനസം, കല്ല് കൊണ്ടൊരു പെണ്ണ്, പുനരധിവാസം, പോലീസ്, ഇവൻ മേഘരൂപൻ, കമ്മട്ടിപ്പാടം, എടക്കാട് ബറ്റാലിയൻ തുടങ്ങിയ സിനിമകൾ അദ്ദേഹത്തിന്റെ രചനയാണ്‌. 2012ൽ റിലീസ് ചെയ്ത ‘ഇവൻ മേഘരൂപനി’ലൂടെ സംവിധായകനായി.

മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ‘പുനരധിവാസം’ മികച്ച കഥയ്ക്കും, മികച്ച നവാഗത സംവിധായകനുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടി. 2016ൽ തിരക്കഥയെഴുതി രാജീവ് രവി സംവിധാനം ചെയ്ത ‘കമ്മട്ടിപ്പാടം’, നാല് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ കരസ്ഥമാക്കി. നിലയിൽ നടനെന്ന ‘ട്രിവാൻഡ്രം ലോഡ്ജ്’ സിനിമയിലെ കഥാപാത്രം വളരെ ശ്രദ്ധേയമായിരുന്നു.