തീജ്വാല, ഹൃദയം, ചിരിക്കുന്ന മുഖം, ചിന്തിക്കുന്ന മുഖം; ട്വിറ്ററിറിൽ ഇനിമുതൽ ജിഫുകളും ട്വിമോജികളും

വാഷിംഗ്ടൺ: ട്വിറ്ററിൻ്റെ ഫ്ലീറ്റ്സിൽ ജിഫുകളുടെയും ട്വിമോജികളുടെയും രൂപത്തിൽ സ്റ്റിക്കറുകൾ ഉപയോഗിക്കാനുള്ള ഫീച്ചർ വന്നു. ഉപയോക്താക്കൾക്ക് തങ്ങളുടെ പോസ്റ്റ് ഇരുപത്തിനാല് മണിക്കൂർ നേരം പ്ലാറ്റ്‌ഫോമിൽ ഇടാൻ സാധിക്കും. ഇതിനുശേഷം ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്യും. ഫ്‌ളീറ്റ്‌ലൈൻ എന്ന് ട്വിറ്റർ വിളിക്കുന്ന സ്‌ക്രീനിന്റെ മുകൾ ഭാഗത്താണ് ഈ പോസ്റ്റുകൾ അഥവാ ഫ്‌ളീറ്റുകൾ കാണാൻ കഴിയുന്നത്.

ട്വിറ്ററിൻ്റെ ഡിസപ്പിയറിംഗ് പോസ്റ്റ് ഫീച്ചറാണ് ഫ്‌ളീറ്റ്സ്. ആൻഡ്രോയ്ഡ്, ഐഒഎസ് സ്മാർട്ട്‌ഫോണുകളിൽ ഈ ഫീച്ചർ ലഭിക്കും. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, സ്‌നാപ്ചാറ്റ്, വാട്ട്‌സ്ആപ്പ് എന്നീ പ്ലാറ്റ്‌ഫോമുകളിലേതുപോലെ ട്വിറ്റർ ഉപയോക്താക്കൾക്ക് തങ്ങളുടെ പോസ്റ്റുകൾ ഡിസപ്പിയറിംഗ് സ്റ്റോറി രീതിയിൽ പ്രകടിപ്പിക്കാൻ കഴിയുന്ന സംവിധാനമാണ് ട്വിറ്റർ ഫ്‌ളീറ്റ്‌സ്.

ഒരു ട്വീറ്റിലൂടെ ‘ട്വിറ്റർ സപ്പോർട്ട്’ ടീമാണ് ഉപയോക്താക്കൾക്ക് തങ്ങളുടെ ഫ്‌ളീറ്റ്‌സ് സ്റ്റോറികളിൽ സ്റ്റിക്കറുകൾ ചേർക്കാൻ കഴിയുമെന്ന് പ്രഖ്യാപിച്ചത്. സ്റ്റിക്കറുകൾ ചേർക്കാനായി സ്‌ക്രീനിന്റെ താഴെയുള്ള സ്‌മൈലി ഫേസ് ഐക്കണിൽ ടാപ്പ് ചെയ്യുക. തങ്ങളുടെ സ്റ്റോറികളിൽ ജിഫുകളുടെയും ട്വിമോജികളുടെയും രൂപത്തിൽ ആനിമേറ്റഡ് സ്റ്റിക്കറുകൾ ചേർക്കാൻ കഴിയും.

തീജ്വാല, ഹൃദയം, ചിരിക്കുന്ന മുഖം, ചിന്തിക്കുന്ന മുഖം തുടങ്ങി ചില ജനപ്രിയ ഇമോജികളുടെ ആനിമേറ്റഡ് വകഭേദങ്ങളാണ് ട്വിമോജികൾ. സ്റ്റിക്കറുകളുടെ വലുപ്പത്തിൽ മാറ്റം വരുത്താൻ കഴിയും. സ്‌റ്റോറികളിൽ ചേർക്കുന്നതിന് ഈ സ്റ്റിക്കറുകളിൽ ടാപ്പ് ചെയ്താൽ മാത്രം മതി.