സുശാന്തിനെ കളിയാക്കുന്ന വാക്കുകൾ; രണ്‍വീര്‍ സിങ്ങിന്റെ പുതിയ പരസ്യത്തിനെതിരെ പ്രതിഷേധവുമായി ആരാധകർ

മുംബൈ: നടന്‍ രണ്‍വീര്‍ സിങ്ങിന്റെ പുതിയ പരസ്യത്തിനെതിരെ പ്രതിഷേധവുമായി അന്തരിച്ച നടന്‍ സുശാന്ത് സിങ് രജപുത്തിന്റെ ആരാധകര്‍. നടന്‍ അഭിനയിച്ച ബിം​ഗോയുടെ പരസ്യത്തിനെതിരെയാണ് ഹെയിറ്റ് ക്യാംപെയിന്‍ നടക്കുന്നത്. പരസ്യത്തില്‍ ഭാവി പദ്ധതിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ശാസ്ത്ര രം​ഗവുമായി ബന്ധപ്പെടുത്തി രണ്‍വീര്‍ നല്‍കുന്ന മറുപടി സുശാന്തിനെ കളിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

ബോയ്ക്കോട്ട് ബിം​ഗോ ഹാഷ്ടാ​ഗുകള്‍ ട്വിറ്ററിലടക്കം വൈറലായിക്കഴിഞ്ഞു. ഒരു കുടുംബ പരിപാടിയില്‍ ബിംഗോ കൊറിച്ചെത്തുന്ന രണ്‍വീറിനോട് ഭാവി പരിപാടികളെക്കുറിച്ച്‌ ബന്ധുക്കള്‍ മാറിമാറി ചോദിക്കുന്നതാണ് പരസ്യത്തിന്റെ തുടക്കം.

ഇതിന് ശാസ്ത്ര പദങ്ങള്‍ ചേര്‍ത്ത് ഒരു മറുപടിയാണ് നടന്‍ നല്‍കുന്നത്. ഈ മറുപടിയിലൂടെ സയന്‍സിനോട് ഏറെ ഇഷ്ടം കാത്തുസൂക്ഷിച്ചിരുന്ന സുശാന്തിനെ കളിയാക്കുകയാണെന്ന് ആരാധകര്‍ പറയുന്നു.

അതേസമയം അന്തരിച്ച ഒരു ബോളിവുഡ് സെലിബ്രിറ്റിയെയും പരസ്യത്തിലൂടെ കളിയാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് ബിംഗോ ഉടമസ്ഥരായ ഐടിസി ലിമിറ്റഡ് പറഞ്ഞു. പരസ്യം 2019ല്‍ സുശാന്ത് മരിക്കുന്നതിന് മുമ്പ്‌ ചിത്രീകരിച്ചതാണെന്നും കൊറോണ പ്രതിസന്ധി മൂലമാണ് റിലീസ് താമസിച്ചതെന്നും അധികൃതര്‍ പറഞ്ഞു.