യൂട്യൂബർക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസ് നൽകി ബോളിവുഡ് താരം അക്ഷയ് കുമാർ

മുംബൈ: ബിഹാർ സ്വദേശിയായ യൂട്യൂബർക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസ് നൽകി ബോളിവുഡ് താരം അക്ഷയ് കുമാർ.സുശാന്ത് സിംഗ് രാജ്പുതിന്റെ കേസുമായി ബന്ധപ്പെട്ട് വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനാണ് റാഷിദ് സിദ്ദിഖ് എന്ന യൂട്യൂബര്‍ക്കെതിരെ അക്ഷയ്കുമാര്‍ മാനനഷ്ടത്തിന് നോട്ടീസ് നല്‍കിയത്. ഇയാൾ തന്റെ യുട്യൂബ് ചാനലായ എഫ്‌എഫ് ന്യൂസില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ നിരവധി വീഡിയോകള്‍ അപ്‌ലോഡ് ചെയ്തതായി നവംബര്‍ 17 ന് നിയമ സ്ഥാപനമായ ഐസി ലീഗല്‍ വഴി അയച്ച ലീഗല്‍ നോട്ടീസില്‍ അക്ഷയ് കുമാര്‍ പറയുന്നു.

സുശാന്ത് സിംഗ് രജ്പുതിന്റെ മരണശേഷം കേസുമായി ബന്ധപ്പെട്ട വീഡിയോകൾ ചെയ്ത് കഴിഞ്ഞ നാല് മാസത്തിനുള്ളിൽ റാഷിദ് 15 ലക്ഷം രൂപ വരുമാനം നേടിയെന്നാണ് അന്വേഷണങ്ങൾ തെളിയിക്കുന്നത്.

ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി പോലുള്ള ചിത്രങ്ങള്‍ സുശാന്തിന് ലഭിച്ചതില്‍ അക്ഷയ് കുമാര്‍ നിരാശനായിരുന്നതായി ഇയാള്‍ ഒരു വീഡിയോയില്‍ ആരോപിച്ചു. ആദിത്യ താക്കറെയുമായും മുംബൈ പൊലീസുമായും നടന്‍ രഹസ്യ കൂടിക്കാഴ്ചകള്‍ നടത്തി എന്നാണ് മറ്റൊരു ആരോപണം. റിയയെ കാനഡയിലേക്ക് കടക്കാന്‍ അക്ഷയ് സഹായിച്ചുവെന്നും ഇയാള്‍ ആരോപിച്ചിട്ടുണ്ടായിരുന്നു. നിരുപാധികം മാപ്പ് പറയണമെന്നും യൂട്യൂബ് ചാനലില്‍ നിന്ന് ആക്ഷേപകരമായ വീഡിയോ നീക്കണമെന്നുമാണ് അക്ഷയ് കുമാര്‍ ലീഗല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സുശാന്ത് സിംഗ് രജ്പുതിന്റെ കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മകന്‍ ആദിത്യ താക്കറെ എന്നിവര്‍ക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് ഇയാള്‍ നേരത്തെ അറസ്റ്റിലായിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പല സെലിബ്രിറ്റികളെ കുറിച്ചും ഇയാള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാറുണ്ട്. പല സന്ദര്‍ഭങ്ങളിലും ഇയാള്‍ അക്ഷയ് കുമാറിനെ കുറിച്ച്‌ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കാറുണ്ടെന്നാണ് ആരോപണം.