വൈറലായപ്പോൾ കച്ചവടം കുറഞ്ഞു ; പണം തട്ടിയെന്ന് വ്യദ്ധദമ്പതികളുടെ പരാതി; യൂട്യൂബർക്കെതിരെ കേസ്

ന്യൂഡെൽഹി: യുട്യൂബർ ഗൌരവ് വാസനെതിരെ ബാബാ കാ ദാബ നടത്തുന്ന വൃദ്ധ ദമ്പതികൾ നൽകിയ പരാതിയിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എൺപതുകാരനായ കാന്ത പ്രസാദാണ് പരാതിക്കാരൻ. കൊറോണ വ്യാപനത്തിന് പിന്നാലെ കച്ചവടമില്ലാതെ വലഞ്ഞ ബാബാ കാ ദാബയേക്കുറിച്ചും കട നടത്തുന്ന വൃദ്ധ ദമ്പതികളുടെ കഷ്ടപ്പാടിനേക്കുറിച്ചും ഗൌരവ് വാസൻ വീഡിയോ എടുത്തിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ആളുകൾ ദമ്പതികളെ സഹായിക്കാൻ മുന്നിട്ടിറങ്ങുകയും ചെയ്തു.

തെക്കൻ ഡെൽഹിയിൽ ബാബാ കാ ദാബ എന്ന തെരുവോര ഭക്ഷണശാല നടത്തിയിരുന്ന ഇവരുടെ പേരിൽ പണപ്പിരിവ് നടത്തിയെന്ന് ആരോപിച്ചായിരുന്നു ദമ്പതികൾ യൂട്യൂബർക്കെതിരെ പരാതി നൽകിയത്. അതേസമയം വൃദ്ധ ദമ്പതികളുടെ പേരിൽ പണം തട്ടിയെന്ന ആരോപണം വാസൻ നിഷേധിച്ചിരുന്നു. വീഡിയോ എടുക്കുന്ന സമയത്ത് വൈറലാവുമെന്ന് അറിയില്ലായിരുന്നു.

ആളുകളുടെ പ്രതികരണം അറിയാത്തതിനാലാണ് തന്റെ ബാങ്ക് വിവരങ്ങൾ നൽകിയത്. അവരുടെ പേരിൽ സ്വരൂപിച്ച പണം മുഴുവൻ വൃദ്ധ ദമ്പതികൾക്ക് നൽകിയെന്നും വാസൻ പറഞ്ഞിരുന്നു. ബാങ്ക് വിവരങ്ങളും വാസൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. എന്നാൽ 20-25 ലക്ഷം രൂപ വരെ വാസന് ലഭിച്ചിട്ടുണ്ടാവാമെന്നാണ് മറ്റ് യുട്യൂബർമാർ പറയുന്നത്.

ഒക്ടോബർ 7 ന് എടുത്ത വീഡിയോ ഇവരുടെ കടയിലേക്ക് നിരവധി ആളുകളെ ആകർഷിക്കുകയും ചെയ്തിരുന്നു. ഇവരെ സഹായിക്കാനെന്ന പേരിൽ യുട്യൂബർ ആളുകളിൽ നിന്ന് ലഭിച്ച പണം തട്ടിയെന്ന പരാതിയിലാണ് കേസെടുത്തത്. രണ്ട് ലക്ഷം രൂപയുടെ ചെക്ക് യുട്യൂബർ ഇവർക്ക് നേരത്തെ നൽകിയിരുന്നു.വീഡിയോ വൈറലായതോടെ കടയിൽ വരുന്നവർ സെൽഫിയെടുക്കാനാണ് വരുന്നതെന്ന് കാന്ത പ്രസാദ് പറഞ്ഞിരുന്നു. നേരത്തെ പതിനായിരം രൂപയ്ക്ക് ആളുകൾ സാധനം വാങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ മൂവായിരം രൂപയുടെ സാധനങ്ങൾ പോലും കഷ്ടിച്ചാണ് ചെലവാകുന്നതെന്നാണ് കാന്ത പ്രസാദ് പറയുന്നത്. മാളവ്യ നഗറിലെ പൊലീസ് സ്റ്റേഷനിൽ ശനിയാഴ്ചയാണ് പരാതി നൽകിയത്.