ഏഴ് ഭാഷകൾ; 42 പാട്ടുകള്‍ ഇന്ത്യൻ സിനിമയിൽ ചരിത്രമാകാൻ വിജയ് യേശുദാസിന്റെ സാല്‍മണ്‍ ത്രീഡി ചിത്രം

കൊച്ചി: ഏഴ് ഭാഷകളില്‍ എന്നതുമാത്രമല്ല, 42 പാട്ടുകള്‍ എന്നതുകൂടിയാണ് സാല്‍മണ്‍ എന്ന ചിത്രത്തിന്റെ പ്രത്യേകത. ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ വലിയ പരീക്ഷണമായിരിക്കും സാല്‍മണ്‍ എന്നതില്‍ സംശയമില്ല. പ്രിയ ഗായകന്‍ വിജയ് യേശുദാസ് പ്രധാന വേഷത്തിലെത്തുന്ന സാല്‍മണ്‍ ഒരേ സമയം ഏഴു ഭാഷകളില്‍ 42 പാട്ടുകളുമായി എത്തുന്നു എന്നതിനൊപ്പം ത്രീഡി ചിത്രമായിരിക്കും എന്ന സവിശേഷത കൂടിയുണ്ട്.

ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ അടയാളപ്പെടുത്തലായിരിക്കും ഈ ത്രിമാന ചിത്രം.ദുബൈ നഗരത്തില്‍ കുടുംബത്തോടൊപ്പം കഴിയുന്ന സര്‍ഫറോഷിന്റെ ഭാര്യയും മകളും അവധിക്ക് നാട്ടിലേക്ക് പോയപ്പോള്‍ സുഹൃത്തുക്കള്‍ നല്‍കിയ സര്‍പ്രൈസിനിടയിലുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.

ദുര്‍മരണവും അതുമായി ബന്ധപ്പെട്ട് തന്റെ ജീവിതത്തിലെ നിര്‍ണായക രഹസ്യം ലോകത്തോടു പറയാന്‍ ആഗ്രഹിക്കുന്ന ആത്മാവിന്റെ സാന്നിധ്യവുമായാണ് ത്രി ഡി റൊമാന്റിക് സസ്‌പെന്‍സ് ത്രില്ലറായ സാല്‍മണ്‍ പറഞ്ഞു വക്കുന്നത്. ഭാഷയുടെയോ നാടിന്റെയോ അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങിപോകില്ല സംഗീതമെന്നുറപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിലെ സംഗീതം.

ഡോള്‍സ്, കാട്ടുമാക്കാന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് സാല്‍മണ്‍. ആര്‍ക്കും തങ്ങളുടെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്താനാകുന്ന സംഗീതമായിരിക്കും സാല്‍മണിലേതെന്ന് സംഗീത സംവിധായകന്‍ ശ്രീജിത്ത് എടവന പറയുന്നു. യുവ്, മധുരനാരങ്ങ, ശിക്കാരി ശംഭു തുടങ്ങി മലയാളത്തിലും ശിവാനി, മ്യാവു എന്നിങ്ങനെ തമിഴിലും കാമസൂത്രയെന്ന ഇന്ത്യന്‍ ഇംഗ്ലീഷിനും സംഗീതം നല്കിയതിന് ശേഷമുള്ള ശ്രീജിത്തിന്റെ ചിത്രമാണ് സാല്‍മണ്‍. കാമസൂത്രയെന്ന ചിത്രത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ ത്രിഡി ചിത്രം കൂടിയായിരിക്കും സാല്‍മണ്‍.

15 കോടി രൂപ ചിലവില്‍ എം ജെ എസ് മീഡിയയുടെ ബാനറില്‍ ഷലീല്‍ കല്ലൂര്‍, ഷാജു തോമസ്, ജോസ് ഡി പെക്കാട്ടില്‍, ജോയ്‌സ് ഡി പെക്കാട്ടില്‍, കീ എന്റര്‍ടൈന്‍മെന്റ്‌സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. നിരവധി വ്യത്യസ്ത സംഗീത ഉപകരണങ്ങള്‍ ചേര്‍ത്തുവെക്കുന്ന സാല്‍മണില്‍ സാരംഗി വായിച്ചിരിക്കുന്നത് സരോദും ദില്‍റുബയും ഉള്‍പ്പെടെ 35 വ്യത്യസ്ത തന്ത്രിവാദ്യങ്ങള്‍ അനായാസമായി കൈകാര്യം ചെയ്യുന്ന സീനുവാണെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. വ്യത്യസ്ത ഭാഷകളില്‍ ഇന്ത്യന്‍ സിനിമകളിലെ പ്രഗത്ഭ ഗായകരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്.

വിജയ് യേശുദാസിന് പുറമേ വിവിധ ഇന്ത്യന്‍ ഭാഷാ അഭിനേതാക്കളായ ചരിത് ബലാപ്പ, ജോനിത ഡോഡ, രാജീവ് പിള്ള, മീനാക്ഷി ജയ്‌സ്വാള്‍, ഷിയാസ് കരീം, പ്രേമി വിശ്വനാഥ്, തന്‍വി കിഷോര്‍, ജാബിര്‍ മുഹമ്മദ്, ആഞ്‌ജോ നായര്‍, ബഷീര്‍ ബഷി തുടങ്ങിയ വന്‍ താരനിര തന്നെ സാല്‍മണില്‍ വെള്ളിത്തിരയിലെത്തും. നാടിന്റെയും സംസ്കാരത്തിന്റെയും അതിര്‍വരമ്ബുകള്‍ ഭേദിച്ച്‌ ഭാഷ, അഭിനേതാക്കള്‍, കലാകാരന്‍മാര്‍, എന്നിവരുടെയെല്ലാം കൂടിച്ചേരല്‍ കൂടിയായിരിക്കും ഈ സിനിമ.