മുംബൈ: ഭോജ്പുരി സിനിമകളിലൂടെ ശ്രദ്ധേയയായ നടി അനുപമ പഥക് (40) മരിച്ച നിലയിൽ. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. മുംബൈയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അനുപമയുടെ വസതിയിൽ നിന്ന് പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
ബിഹാറിൽ ജനിച്ച അനുപമ ടെലിവിഷൻ സീരിയലുകളിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് സിനിമയിൽ സജീവമാകുന്നതിന് വേണ്ടി മുംബൈയിലേക്ക് താമസം മാറ്റുകയായിരുന്നു. മുംബൈയിലെ ഒരു പ്രൊഡക്ഷൻ കമ്പനിയിൽ താൻ പണം നിക്ഷേപിച്ചിരുന്നതായും എന്നാൽ പറഞ്ഞ സമയത്ത് അവർ പണം തിരികെ നൽകിയിരുന്നില്ലെന്നും ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. അനുപമ ഫേസ് ബുക്ക് ലൈവിൽ വന്നതും ഇതിലൂടെ പറഞ്ഞ കാര്യങ്ങൾ വലിയ ചർച്ചയ്ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു.
‘നിങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചും ആത്മഹത്യാ പ്രവണതയെക്കുറിച്ചും ആരോടെങ്കിലും പറയുകയാണെങ്കിൽ, അയാൾ അല്ലെങ്കിൽ ആ വ്യക്തി എത്ര നല്ല സുഹൃത്താണെങ്കിലും, നിങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് അവരെ അകറ്റിനിർത്താൻ ഉടൻ ആവശ്യപ്പെടും. കാരണം നിങ്ങളുടെ മരണശേഷം അവർക്ക് പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ് അത്’. മാത്രമല്ല, നിങ്ങളുടെ പ്രശ്നങ്ങൾ പരമാവധി മറ്റുള്ളവരുമായി പങ്കിടാതെ ഇരിക്കുക. മരിച്ചതിനുശേഷം ആളുകൾ നിങ്ങളെ കളിയാക്കുകയും മറ്റുള്ളവരുടെ മുന്നിൽ നിങ്ങളെ മോശമാക്കി ചിത്രീകരിക്കുകയും ചെയ്യും. അതിനാൽ ആരെയും നിങ്ങളുടെ സുഹൃത്തായി കണക്കാക്കുകയോ വിശ്വസിക്കുകയോ ചെയ്യരുത്’- എന്ന് ഫേസ്ബുക്ക് ലൈവിൽ അനുപമ പറഞ്ഞിരുന്നു.