സുശാന്തിൻ്റെ മരണം; കേസ് മുംബൈയിലേക്ക് മാറ്റണം; നടി റിയ ചക്രബര്‍ത്തി സുപ്രീംകോടതിയെ സമീപിച്ചു

മുംബൈ: നടന്‍ സുശാന്ത് സിങിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസ് മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി റിയ ചക്രബര്‍ത്തി സുപ്രീംകോടതിയെ സമീപിച്ചു. മുംബൈ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ തൃപ്തിയില്ലാത്തത് കൊണ്ടാണ് പറ്റ്നയിലുള്ള സുശാന്തിന്‍റെ കുടുംബം അവിടെയുള്ള പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്.

ഇന്നലെ സുശാന്ത് സിങിന്‍റെ അച്ഛന്‍റെ പരാതിയില്‍ ബീഹാര്‍ പൊലീസ് റിയ ചക്രബര്‍ത്തിക്ക് എതിരെ കേസെടുത്തിരുന്നു. സുശാന്തിന്‍റെ കാമുകി റിയ ചക്രബർത്തിയടക്കം അഞ്ച് പേർക്കെതിരെയാണ് അച്ഛൻ കെ കെ സിംഗിന്‍റെ പരാതി. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സുശാന്ത് റിയയെ പലകുറി ഫോണിൽ വിളിച്ചെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്, പക്ഷെ റിയ ഫോണെടുത്തില്ല. കേസന്വേഷണത്തിന്‍റെ ഭാഗമായി പറ്റ്ന പൊലീസിലെ നാലംഗ സംഘം മുംബൈയില്‍ എത്തുമെന്നാണ് വിവരം.

അതിനിടെ സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറിന്‍റെ ഉടമസ്ഥതയിലുള്ള ധർമ്മ പ്രൊഡക്ഷൻസിന്‍റെ സിഇഓ അപൂർവയെ മൂന്ന് മണിക്കൂറോളം മുംബൈ പൊലീസ് ചോദ്യം ചെയ്തു. സുശാന്തിനെ റിയ സാമ്പത്തിക നേട്ടത്തിന് ഉപയോഗിച്ചു, സുശാന്തിന്‍റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് യുറോപ്യൻ ടൂറടക്കം നടത്തി, അക്കൗണ്ടിലെ പണം വലിയ തോതിൽ പിൻവലിച്ചു, തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിലുള്ളത്.

റിയയുമായുള്ള പ്രണയം അറിയില്ലെന്ന് നേരത്തെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ മാസമാണ് സുശാന്തുമായുള്ള പ്രണയബന്ധം റിയയും തുറന്ന് പറഞ്ഞത്. ലോക്ക് ഡൗണ്‍ കാലത്ത് ഇരുവരും ഒരുമിച്ചായിരുന്നു കഴിഞ്ഞതെങ്കിലും സുശാന്ത് മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് പിണങ്ങിപോയെന്ന് ഒന്‍പത് മണിക്കൂറിലേറെ നീണ്ടുനിന്ന ചോദ്യം ചെയ്യലിൽ റിയ മുംബൈ പൊലീസിനോട് സമ്മതിച്ചിരുന്നു.