ചെന്നൈ: പ്രശസ്ത തമിഴ് നടൻ ഷാം ഉൾപെടെ 12 പേരെ അപ്പാർട്ട്മെന്റിൽ ചൂതാട്ടം നടത്തിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. നടന്റെ ഉടമസ്ഥതയിൽ ഉള്ള നുങ്കമ്പക്കം മേഖലയിലെ അപ്പാർട്ട്മെന്റിൽ ആയിരുന്നു ചൂതാട്ടം.
ഇവിടെ നിന്നും ചൂതാട്ടത്തിന്റെ ടോക്കണുകൾ പോലിസ് പിടിച്ചെടുത്തു. ഗെയിം ബോർഡുകളും ലക്ഷക്കണക്കിന് രൂപയും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ലോക്ഡൗൺ കാലത്ത് സിനിമാ മേഖലയിലെ പ്രമുഖർ ഉൾപെടെയുള്ളവർ ഇവിടെ ചൂതാട്ടത്തിനായി എത്താറുണ്ടെന്ന് പോലിസ് പറഞ്ഞു. ഗെയിമിങ് ആക്ടിൽ ഇവർക്കെതിരെ കേസ് എടുത്ത് ജാമ്യത്തിൽ വിട്ടയച്ചു.
നുങ്കമ്പാക്കം അസിസ്റ്റന്റ് കമ്മീഷണർ മുത്തുവേൽപാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയ്ഡിൽ ആണ് ഇവർ പിടിയിലായത്. ചൂതാട്ടത്തിൽ ഏർപ്പെടുന്നവരെ പിടികൂടാനായി നഗരത്തിൽ മിന്നൽ പരിശോധനകൾ നടത്തുമെന്ന് പോലിസ് അറിയിച്ചു.
ഓൺലൈൻ ഗെയിമിൽ പണം നഷ്ടപ്പെട്ട വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് പോലിസ് പരിശോധന ആരംഭിച്ചത്. 12ബി പോലുള്ള ചിത്രങ്ങലിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച ഷാം കിക്ക്, കിക്ക് 2 എന്നീ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്.