ചൈനയിലെ സിനിമാ തീയറ്ററുകൾ തുറന്നു

ബെയ്​ജീം​ഗ്: കൊറോണ വൈറസ് പൊട്ടിപുറപ്പെട്ട ചൈനയിൽ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമാ തീയറ്ററുകൾ തുറന്നു. സാമൂഹിക അകലം പാലിച്ചാണ് തീയറ്ററിലെ ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സിനിമ കാണാനെത്തുന്നവർ മുഖാവരണം ധരിക്കേണ്ടത് നിർബന്ധമാണ്. കൊറോണ വ്യാപന ഭീതി താരതമ്യേന വളരെ കുറഞ്ഞ ഷാങ്‌ഹായ്, ഹാങ്ഷൂ തുടങ്ങിയ സ്ഥലങ്ങളിലെ തീയറ്ററുകൾ തുറക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ 14 ദിവസങ്ങളിലായി ഒരു പുതിയ കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത ചൈനീസ് തലസ്ഥാനം ബീജിങിലെ തീയറ്ററുകളും തുറക്കാനൊരുങ്ങുകയാണ്. ഇതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്തു കൊണ്ട് വരും ദിവസങ്ങളിൽ ചൈന സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്.

നിലവിൽ ഷിൻജിയാങിൽ മാത്രമാണ് രാജ്യത്ത് കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കോൺഫറൻസുകൾ, എക്സിബിഷനുകൾ, കായിക മത്സരങ്ങൾ, സിനിമാ ശാലകൾ തുടങ്ങി ആളുകൾ ഒരുമിച്ച് കൂടുന്ന ഇടങ്ങൾ സാവധാനത്തിൽ തുറക്കാനാണ് ചൈനയുടെ നീക്കം.