ഏതൊക്കെ ചാനൽ കാണണം; ഇനി വരിക്കാർക്ക് തീരുമാനിക്കാം; ട്രായി “ചാനല്‍ സെലക്ടര്‍ ആപ്പ് ” പുറത്തിറക്കി

ന്യൂഡെല്‍ഹി: ഏതൊക്കെ ചാനൽ കാണണമെന്ന് ഇനി വരിക്കാർക്ക് തീരുമാനിക്കാം. കേബിൾ, ഡിഷ് ടിവി വരിക്കാര്‍ക്ക് തങ്ങളുടെ സബ്‌സ്‌ക്രിപ്ഷനുകള്‍ കാണുവാനും ഡി.ടി.എച്ച് , കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ലഭ്യമാക്കിയിട്ടുള്ള ചാനലുകളും പാക്കുകളും ഏതൊക്കെയാണെന്നു അറിയാനും സാധിക്കുന്ന “ചാനല്‍ സെലക്ടര്‍ ആപ്പ് ” പുറത്തിറങ്ങി.

ടെലികോം റെഗുലേറ്ററി ഓഫ് ഇന്ത്യ (ട്രായി) യാണ് വരിക്കാർക്കായി ആപ്പ് പുറത്തിറക്കിയത്. വരിക്കാര്‍ക്ക് അവരുടെ ടിവി സബ്‌സ്‌ക്രിപ്ഷന്‍ കാണുകയും അതില്‍ പരിഷ്‌കാരങ്ങള്‍ വരുത്താനും സൗകര്യമൊരുക്കികൊണ്ടുള്ളതാണ് ഈ പുതിയ അപ്ലിക്കേഷൻ.

വരിക്കാര്‍ക്ക് തങ്ങളുടെ ഇഷ്ടമനുസരിച്ച് ചാനലുകള്‍ തിരഞ്ഞെടുക്കാനും ആവശ്യമില്ലാത്ത ചാനലുകള്‍ നീക്കം ചെയ്യാനും കഴിയും. ഇതു വഴി ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണമുള്ള ചാനലുകളുടെ സംയുക്ത പാക്ക് നിലവിലുള്ള വിലയിലൊ അല്ലെങ്കില്‍ അതിനേക്കാള്‍ കുറഞ്ഞ വിലയിലോ നേടാം. വരിക്കാര്‍ക്ക് ബാധകമായ നെറ്റവര്‍ക്ക് കപ്പാസിറ്റി ഫീസില്‍ (എന്‍.സി.എഫ്) ചാനലുകള്‍ ചേര്‍ക്കാനുള്ള സൗകര്യവും ലഭിക്കും.

വരിക്കാര്‍ക്ക് അവരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ആയിരിക്കും ഒടിപി ലഭിക്കുക. വരിക്കാര്‍ക്ക് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഇല്ലാത്ത പക്ഷം അവരുടെ ടിവി സ്‌ക്രീനില്‍ ഒടപി ലഭിക്കും. ഗൂഗിള്‍ പ്ലേസ്‌റ്റോറിലും ആപ്പിള്‍ സ്‌റ്റോറിലും ചാനല്‍ സെലക്ടര്‍ ആപ്പ് ലഭ്യമാണ്.