കൊച്ചി : ആടുജീവിതം സിനിമ ഷൂട്ടിംങിന് ശേഷം ജോർദാനിൽ നിന്നും തിരിച്ചെത്തിയ നടൻ പ്രൃഥ്വിരാജിന്റെ കൊറോണ പരിശോധനാ ഫലം നെഗറ്റീവ്. താരം തന്നെയാണ് സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവായ വിവരം ഫേസ് ബുക്കിലൂടെ അറിയിച്ചത്. ഫലം നെഗറ്റീവാണെന്നും എങ്കിൽ പോലും വീട്ടിലെ ക്വാറന്റൈൻ പൂർത്തീകരിക്കുമെന്നും പൃഥ്വി കുറിച്ചു.
ലോക് ഡൗൺ മൂലം ജോർദാനിൽ കുടുങ്ങിയ പൃഥ്വിരാജും സംഘവും കഴിഞ്ഞ മാസം 22നാണ് കൊച്ചിയിലെത്തിയത്.
നാട്ടിലെത്തിയ പൃഥ്വി ഏഴ് ദിവസത്തെ സർക്കാർ നിരീക്ഷണത്തിലുള്ള ക്വാറന്റൈൻ അവസാനിപ്പിച്ച് മെയ് 29-ന് വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ തുടർന്ന് വീട്ടിൽ ഏഴ് ദിവസത്തെ ക്വാറന്റൈനിൽ കഴിയുമെന്നും താരം വ്യക്തമാക്കിയിരുന്നു.
എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് പൃഥ്വി ഉൾപ്പെട്ട സംഘത്തെ നാട്ടിലെത്തിച്ചത്. ആരോഗ്യ പരിശോധനകൾക്ക് ശേഷം ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ ഒരുക്കിയ നിരീക്ഷണ കേന്ദ്രത്തിലേക്ക് സ്വയം കാറാേടിച്ചാണ് പൃഥ്വി പോയത്. മാര്‍ച്ചിലാണ് പൃഥ്വിയും സംഘവും ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് ജോര്‍ദാനിലെത്തിയത്. കൊറോണ വ്യാപനം രൂക്ഷമായതോടെ ഷൂട്ടിങ് നിർത്തിവെക്കേണ്ടിവന്നു. ഇതിനിടയില്‍ ചിത്രത്തില്‍ അഭിനയിക്കേണ്ട ഒമാനി താരം ക്വാറന്റൈനിലായതും പ്രതിസന്ധിയുണ്ടാക്കി. പിന്നീട് ചിത്രീകരണം പൂര്‍ത്തിയാക്കി ഇവർ തിരിച്ചെത്തുകയായിരുന്നു.