മിന്നൽമുരളിയുടെ സിനിമ സെറ്റ് അടിച്ചു തകർത്ത സംഭവം; ഒരാൾ അറസ്റ്റിൽ

ആലുവ : കാലടിയില്‍ മിന്നൽമുരളിയുടെ സിനിമ സെറ്റ് അടിച്ചു തകർത്ത സംഭവത്തിൽ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് നേതൃത്വം നല്‍കിയ എഎച്ച്പി പ്രവര്‍ത്തകന്‍ രതീഷ് ആണ് അറസ്റ്റിലായത്. മറ്റ് നാല് പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

കാലടി മണപ്പുറത്ത് നിര്‍മിച്ച മിന്നൽ മുരളിയുടെ സിനിമ സെറ്റ് ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് രാഷ്ട്രീയ ബജ്റംഗദള്‍, എഎച്ച്പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് പൊളിച്ച് നീക്കിയത്.ടൊവിനോ തോമസ് പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന സിനിമയാണ് മിന്നല്‍ മുരളി.

അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏ എഎച്ച്പി ഏറ്റെടുത്തിരുന്നു. അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ സഹസംഘടനയായ ഹിന്ദു ഹെൽപ് ലൈൻ സംസ്ഥാന കോർഡിനേറ്ററാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വീഡിയോ സന്ദേശം പുറത്തുവിട്ടിരിക്കുന്നത്. എഎച്ച്പിയുടെ യുവജന സംഘടനയാണ് ആക്രമണം നടത്തിയതെന്ന് വീഡിയോയിൽ പറയുന്നു.

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ രണ്ടാംഘട്ട ഷൂട്ടിങിന് വേണ്ടി ലക്ഷങ്ങള്‍ മുടക്കിനിര്‍‌മിച്ച സെറ്റാണ് ഇന്നലെ പൊളിച്ച് നീക്കിയത്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ചിത്രീകരണം അനുമതി കിട്ടിയാലുടന്‍ ഷൂട്ടിംഗ് തുടങ്ങാനിരിക്കെയാണ് സംഭവം. 50 ലക്ഷത്തോളം രൂപ മുടക്കി 100ലേറെ പേരുടെ ശ്രമഫലമായായിരുന്നു സെറ്റ് നിര്‍മാണം. എല്ലാ അനുമതിയോടും കൂടിയാണ് സെറ്റ് നിര്‍മിച്ചതെന്ന് സിനിമയുടെ നിർമാതാവ് സോഫിയ പോൾ നേരത്തെ വ്യക്തമാക്കിയിരുന്നു.