നടന മോഹന വിസ്മയം; മോഹൻലാലിന് അറുപതാം പിറന്നാൾ മധുരം

ഉണ്ണിക്കുറുപ്പ്

തിരുവനന്തപുരം: മലയാളികൾ നെഞ്ചിയേറ്റിയ നടന വിസ്മയം മോഹൻലാലിന് ഇന്ന് അറുപതാം പിറന്നാൾ. നാലുപതിറ്റാണ്ട് പിന്നിട്ട അഭിനയജീവിതത്തിലൂടെ ഓരോ മലയാളിയുടെയും മേൽവിലാസത്തിൽ മോഹൻലാൽ എന്ന പേരും അടയാളപ്പെട്ടിരിക്കുന്നു.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മോഹൻലാലിൻറയും മലയാള സിനിമയുടേയും തലവരമാറ്റി. ഷാളും കൂളിംഗ് ഗ്ലാസുമണിഞ്ഞെത്തിയ വില്ലൻ പിന്നെ മെല്ലെ മെല്ലെ നായകനായും താരമായും സൂപ്പർതാരമായും ആയുള്ള വേഷപ്പകർച്ച. മലയാള സിനിമയുടെ സുവ‍ർണ്ണകാലമെന്ന് അടയാളപ്പെടുത്തുന്ന എൺപതുകളിലും 90 കളിലും പുറത്ത് വന്ന എണ്ണം പറഞ്ഞ ചിത്രങ്ങൾ ലാലിലെ മഹാനടനെ കാണിച്ചുതന്നു.

ഒരു വശത്ത് ഒരു ചെറു നോട്ടത്തിൽ പോലും അസാമാന്യമായ അഭിനയത്തിന്റെ മിന്നലാട്ടങ്ങളും , മറുവശത്ത് താരപരിവേഷത്തിൻറെ പരകോടി കണ്ട വേഷങ്ങളുമായി ഈ നടൻ തുടർച്ചയായി അമ്പരപ്പിച്ച് കൊണ്ടിരുന്നു. മലയാളത്തിൻറെ അഭിമാനം ഭാഷാതിർത്തികൾ ഭേദിച്ചപ്പോോഴും കണ്ടത് മാജിക് ലാലിസം…

ലാലിന്റെ അഭിനയമുഹൂർത്തങ്ങളൊക്കെയും മലയാളിയുടെ ജീവിതം തന്നെയായിരുന്നു. ആനയും കടലും എത്രകണ്ടാലും മതിവരാത്തവരാണ് മലയാളികൾ. അക്കൂട്ടത്തിൽ ഒരു പേരുകൂടിയെ മലയാളി കുറിച്ചിട്ടുള്ളു. അതാണ്‌ മോഹൻലാൽ. ഓരോ സിനിമയും പലവട്ടം കണ്ടിട്ടും കാഴ്ചയുടെ ആ രസതന്ത്രം മടുക്കാതെ മലയാളി മോഹൻലാലിനെ കണ്ടുകൊണ്ടേയിരിക്കുന്നു

വില്ലനിൽനിന്ന് മലയാളസിനിമയുടെ നായകസ്ഥാനത്തേക്കുള്ള മോഹൻലാലിന്റെ വളർച്ച തിരുത്തിക്കുറിച്ചത് അതുവരെ നിലനിന്ന നായക സങ്കൽപങ്ങളെക്കൂടിയാണ്.ആറാം തമ്പുരാനിലെ കളരിയിലേക്കുള്ള വരവ്. നിരവധി ദേശീയ പുരസ്കാരങ്ങൾക്ക് പുറമെ പത്മശ്രീയും പത്മഭൂഷണും നൽകി രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങിയപ്പോഴും ആരാധകർക്ക് അവരുടെ ലാലേട്ടനാണ് മോഹൻലാൽ.

1960 മെയ് 21ന് പത്തനംതിട്ടയിലെ ഇലന്തൂർ ഗ്രാമത്തിൽ ജനിച്ച മോഹൻലാൽ പഠിച്ചതും വളർന്നതും തിരുവനന്തപുരത്താണ്. ആദ്യസിനിമ തിരനോട്ടം പിറന്നത് പതിനെട്ടാം വയസ്സിൽ. നവോദയയുടെ “മഞ്ഞിൽവിരിഞ്ഞപൂക്കളി'(1980)ലെ വില്ലൻ ക്രമേണ നായകനായി. പിന്നീടങ്ങോട്ട് നാലുദശാബ്ദമായി മലയാള സിനിമാലോകത്തെ അവിഭാജ്യഘടകമാണ് മോഹൻലാൽ. മോഹൻലാൽ മലയാളത്തിന്റെ അസാമാന്യ പ്രതിഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നൂറുകണക്കിനു കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സുകളിൽ അനശ്വരമായ സ്ഥാനമാണ് അദ്ദേഹം നേടിയിട്ടുള്ളത്. വൈവിധ്യം നിറഞ്ഞതും ജീവസ്സുറ്റതുമാണ് ആ കഥാപാത്രങ്ങൾ. ഏതുതരം കഥാപാത്രമായാലും അതിൽ ലാലിന്റേതായ സംഭാവനയുണ്ടാകും. ഭാവംകൊണ്ടും രൂപംകൊണ്ടും ശബ്ദംകൊണ്ടും പ്രേക്ഷകമനസ്സിൽ ആ കഥാപാത്രം നിറഞ്ഞുനിൽക്കുകയും ചെയ്യും.

ഈ അസാധാരണത്വമാണ് മോഹൻലാലിനെ മലയാളത്തിന്റെ പ്രിയ നടനാക്കുന്നത്. ആപത്‌ഘട്ടങ്ങളിൽ സഹജീവികളെ സഹായിക്കാനും ലാൽ താൽപ്പര്യം കാണിക്കാറുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ 50 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന നൽകിയത്. പ്രളയകാലത്തും ഇതേ നിലയിൽ സഹായമെത്തിക്കാൻ അദ്ദേഹം തയ്യാറായി. നടനകലയിൽ കൂടുതൽ ഉയരങ്ങൾ താണ്ടാൻ അദ്ദേഹത്തിന് സാധിക്കട്ടെ. ഈ ഷഷ്ടിപൂർത്തി ഘട്ടത്തിൽ എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും നേരുന്നുവെന്ന് മുഖ്യമന്ത്രി ആശംസാസന്ദേശത്തിൽ പറഞ്ഞു.