റിയോ ഡി ജനീറോ: ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മറിന്റെ മാതാവിന് പുതിയ പങ്കാളി. കംപ്യൂട്ടർ ഗെയിമറും മോഡലുമായ തിയാഗോ റാമോസാണ് നെയ്മറിന്റെ അമ്മയുടെ പുതിയ പങ്കാളി. നെയ്മറിന്റെ മാതാവ് നദീനെ ഗോൺസാൽവസ് സാന്തോസ് തന്റെ മകനേക്കാൾ ആറു വയസ്സിന് ഇളയ യുവാവുമായി ഡേറ്റിങ്ങിലെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യം വ്യക്തമാക്കി ഇവർ ഇൻസ്റ്റഗ്രാമിൽ ചിത്രം സഹിതം പോസ്റ്റുമിട്ടിരുന്നു. നെയ്മറിന്റെ പിതാവും ഏജന്റുമായ വാഗ്നർ റിബെയ്റോയുമായി 2016 മുതൽ പിരിഞ്ഞുതാമസിക്കുന്ന 52കാരിയായ നദീനെ ഗോൺസാൽവസ്, 22 വയസ്സ് മാത്രം പ്രായമുള്ള യുവാവുമായാണ് ഡേറ്റിങ്ങിൽ ഏർപ്പെട്ടിരിക്കുന്നത്.
നദീനെ ഗോൺസാൽവസുമായി പരിചയത്തിലാകുന്നതിനു മുൻപുതന്നെ നെയ്മറിന്റെ കടുത്ത ആരാധകനായിരുന്നു റാമോസെന്ന് വിവിധ ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബ്രസീലിലെ പെർനാംബുകോ സംസ്ഥാനമാണ് തിയാഗോ റാമോസിന്റെ സ്വദേശം. വാഗ്നർ റിബെയ്റോയുമായി കാൽനൂറ്റാണ്ട് പിന്നിട്ട വിവാഹ ബന്ധമാണ് 2016ൽ നദീനെ ഗോൺസാൽവസ് വേർപ്പെടുത്തിയത്.
‘ചില കാര്യങ്ങൾ നമുക്ക് വിശദീകരിക്കാനാവില്ല. ജീവിക്കാനേ സാധിക്കൂ’ എന്ന കുറിപ്പോടെയാണ് നെയ്മറിന്റെ മാതാവ് പുതിയ പങ്കാളിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് മുൻ ഭർത്താവ് വാഗ്നർ റിബെയ്റോയും ഇമോജി പങ്കുവച്ച് ആശംസകളറിയിച്ചിട്ടുണ്ട്. പുതിയ ബന്ധത്തിന്റെ കാര്യം വെളിപ്പെടുത്തി നദീനെ ഗോൺസാൽവസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനു ചുവട്ടിൽ കമന്റായി ആശംസകളറിയിച്ചവരിൽ സാക്ഷാൽ നെയ്മർ ജൂനിയറുമുണ്ട്! ‘Be happy mom, love you’ നെയ്മർ എഴുതി.
ബ്രസീലിലെ പെർനാംബുകോ സ്വദേശിയായ തിയാഗോ റാമോസ് നദീനെയുമായി പരിചയത്തിലാകുന്നതിനു മുൻപുതന്നെ നെയ്മറിന്റെ കടുത്ത ആരാധകനായിരുന്നുവെന്ന് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.