ഫെയ്സ് ബുക്ക് പ്രണയം മുറുകി; ആദ്യം ആത്മഹത്യയെന്ന് പ്രതി; ഒടുവിൽ കൊലപാതകമായി

കൊല്ലം: കൊല്ലത്ത് നിന്ന് കാണാതായ യുവതിയും കൊലയാളി യുവാവും അടുപ്പത്തിലായത് ഫെയ്‌സ്ബുക്കിലൂടെ. പ്രണയം മൂത്ത യുവതി കാമുകനെ തേടി പാലക്കാട്ടെത്തുകയായിരുന്നു. സിനിമാക്കഥകളെ അതിശയിപ്പിക്കുന്നതായിരുന്നു ഇരുവരുടെയും സൗഹ്യദവും വഴിപിരിയലും.
യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഒടുവിൽ വഴിത്തിരിവായി.

പാലക്കാട് മണലിയിൽ താമസിച്ചിരുന്ന സംഗീത അധ്യാപകൻ കൂടിയായ യുവാവുമായി സമൂഹമാധ്യമത്തിലൂടെയാണ് സുചിത്ര പരിചയത്തിലാവുന്നതെന്നാണ് പൊലീസിനു ലഭിച്ച പ്രാഥമിക വിവരം. സംഭവത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം ജില്ലാ ക്രൈംബ്രാഞ്ചാണ് കസ്റ്റഡിയിലെടുത്തത്.ബ്യൂട്ടിഷന്‍ ട്രെയിനറായ സുചിത്ര യുവാവിനടുത്തേയ്ക്ക് എത്തുകയും പിന്നീട് ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ സുചിത്ര ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്നാണ് യുവാവ് ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് വിശദമായ ചോദ്യം ചെയ്യലില്‍ കൊല ചെയ്തുവെന്നും മൃതദേഹം വീടിനു സമീപം കുഴിച്ചുമൂടിയെന്നും സമ്മതിക്കുകയായിരുന്നു.

വിവാഹശേഷം അപ്രതീക്ഷിതമായി പരിചയപ്പെട്ട സുചിത്രയുമായി കോഴിക്കോട് ചങ്ങരോത്ത് പ്രശാന്ത് അടുപ്പത്തിലാവുകയായിരുന്നു. പ്രസവശേഷം പ്രശാന്തിന്റെ ഭാര്യയും കുട്ടിയും കൊല്ലത്തെ വീട്ടില്‍ പോയിരുന്നു. പാലക്കാട്ട് ഒപ്പം താമസിച്ചിരുന്ന അച്ഛനും അമ്മയും കോഴിക്കോട്ടേക്ക് പോയതിനുശേഷമാണ് സുചിത്ര ഇവിടേക്ക് വന്നത്. മാര്‍ച്ച് 17ന് രാത്രിയോടെ പാലക്കാട്ടെത്തിയ സുചിത്ര ഇവിടെ പ്രശാന്തിനൊപ്പം താമസിച്ചു. 20 നാണ് കൊലപാതകം നടക്കുന്നത്. കഴുത്ത് മുറുക്കിയാണ് കൊന്നതെന്നാണ് പ്രാഥമിക വിവരം. അന്നു രാത്രിതന്നെ വീടിനോട് ചേര്‍ന്നുള്ള പാടത്ത് കുഴികുത്തി കുഴിച്ചുമൂടി. പിന്നീട് സാധാരണപോലെ കഴിഞ്ഞുവരികയായിരുന്നു. ലോക്ക് ഡൗണ്‍ തുടങ്ങുന്നതിനു മുമ്പേ പ്രശാന്തിന്റെ രക്ഷിതാക്കള്‍ വീട്ടില്‍ തിരിച്ചെത്തി.

കുറ്റംസമ്മതിച്ച പ്രശാന്ത് അറിയിച്ചതുപ്രകാരം കൊല്ലത്തുനിന്നുള്ള പോലീസ് സംഘമെത്തി പാലക്കാട് പോലീസും ചേര്‍ന്നാണ് കുഴി മാന്തി മൃതദേഹം പുറത്തെടുത്തത്. അഴുകി തുടങ്ങിയ മൃതദേഹത്തിന്റെ കാലുകള്‍ മുട്ടിനുതാഴെ മുറിച്ചിരുന്നു. മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചതിന്റെ അടയാളങ്ങളുമുണ്ട്.

പൊലീസ് നടത്തിയ പരിശോധനയില്‍ യുവതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം വീട്ടുവളപ്പില്‍ നിന്ന് പുറത്തെടുത്തു.

പാലക്കാട് മണലിയിലെ ഹൗസിങ് കോളനിയിലെ വാടക വീട്ടില്‍ വച്ച് യുവതി കൊല്ലപ്പെട്ടുവെന്നാണു പൊലീസിന്റെ നിഗമനം. കൊലയ്ക്കു ശേഷം വീടിന്റെ മതിലിനോട് ചേര്‍ന്ന് യുവാവ് മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നാണു സൂചന. സംഭവത്തില്‍ കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത കോഴിക്കോട് സ്വദേശിയായ യുവാവുമായി പാലക്കാട് എത്തിയ അന്വേഷണ സംഘം യുവതിയും യുവാവും താമസിച്ച വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. ഇന്നലെ രാത്രി കൊല്ലം ക്രൈംബ്രാഞ്ചില്‍ നിന്നെത്തിയ മറ്റൊരു സംഘം വീടും പരിസരവും പരിശോധിച്ച് അര്‍ധരാത്രിയോടെ സീല്‍ ചെയ്തിരുന്നു.

സംഭവസ്ഥലത്തെത്തിച്ച യുവാവിന്റെ സാന്നിധ്യത്തില്‍ ജഡം പുറത്തെടുക്കാനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തിയിരുന്നു. ജില്ലാപൊലീസ് സൂപ്രണ്ട് ജി.ശിവവിക്രം, പാലക്കാട് ഡിവൈഎസ്പി സാജുവര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ കോവിഡ് രോഗനിയന്ത്രണ ചട്ടമനുസരിച്ചാണ് നടപടികള്‍.

മാര്‍ച്ച് 17 ന് പതിവ് പോലെ വീട്ടില്‍ നിന്നും ജോലിയ്ക്കായി ഇറങ്ങിയ സുചിത്ര അന്നേ ദിവസം തന്നെ തന്റെ ഭര്‍ത്താവിന്റെ അച്ഛന് സുഖമില്ലെന്നും ആലപ്പുഴ പോകണമെന്നും പറഞ്ഞ് അവധിയെടുത്തിരുന്നു. കൊല്ലത്തെ പ്രമുഖ ബ്യൂട്ടി പാര്‍ലറിന്റെ പള്ളമുക്കിലുള്ള ട്രെയിനിംഗ് അക്കാദമിയിലേയ്ക്കാണ് പോയിരുന്നത്. ഭര്‍ത്താവിന്റെ അച്ഛന് സുഖമില്ലെന്നും ആലപ്പുഴ പോകണം എന്നുള്ള കാര്യവും മെയില്‍ വഴിയാണ് അറിയിച്ചതെന്നും 18 ന് വീണ്ടും തനിക്ക് അഞ്ച് ദിവസത്തെ അവധി കൂടി വേണമെന്നാവശ്യപ്പെട്ട് മെയില്‍ അയച്ചിരുന്നുവെന്നും സ്ഥാപന ഉടമ പറയുന്നു. എന്നാല്‍ പിന്നീട് ഒരു വിവരവുമില്ലായിരുന്നുവെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.

എന്നാല്‍ വീട്ടുകാരോട് ജോലി സംബന്ധമായി എറണാകുളത്ത് ക്ലാസ്സ് എടുക്കാൻ പോകുന്നുവെന്നാണ് സുചിത്ര അറിയിച്ചിരുന്നത്. പോയിക്കഴിഞ്ഞ് രണ്ട് ദിവസം വീട്ടുകാരുമായി ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് വിവരമൊന്നും ഇല്ലാതിരുന്നതിനെതുടര്‍ന്നാണ് വീട്ടുകാര്‍ പാര്‍ലര്‍ ഉടമയോട് കാര്യങ്ങള്‍ തിരക്കുന്നത്. ഭര്‍ത്താവിന്റെ അച്ഛന് സുഖമില്ലാ എന്ന് പറഞ്ഞാണ് 17 ന് പോയതെന്നും 18 ന് അഞ്ച് ദിവസത്തെ അവധി കൂടി ചോദിച്ചിരുന്നുവെന്നും അതിന് ശേഷമുള്ള കാര്യങ്ങള്‍ ഒന്നും തന്നെ അറിയില്ലെന്നും പാര്‍ലര്‍ ഉടമ വീട്ടുകാരെ അറിയിച്ചു. തുടര്‍ന്നാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കുന്നത്. യുവതി വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്.

യുവാവിന്റെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തിയിരുന്നു. ജില്ലാ പൊലീസ് സൂപ്രണ്ട് ജി ശിവവിക്രം, പാലക്കാട് ഡിവൈഎസ്പി സാജുവര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ കൊറോണ രോഗനിയന്ത്രണ ചട്ടങ്ങളനുസരിച്ചായിരുന്നു നടപടികള്‍.