വ്യക്തിവിവര ശേഖരണം; സ്വകാര്യത ചോരാതിരിക്കാന്‍ പുതിയ പുതിയ രീതി ആവിഷ്‌കരിക്കുന്നു

ന്യൂഡെല്‍ഹി: സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് വലിയ തോതില്‍ ശേഖരിക്കുന്ന എല്ലാത്തരം വ്യക്തിവിവരങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ ഡേറ്റ അനോണിമൈസേഷന്‍ എന്ന രീതി ഉപയോഗിക്കാനൊരുങ്ങുന്നു. ഇതു സംബന്ധിച്ച കരട് മാര്‍ഗ്ഗരേഖ കേന്ദ്ര ഐടി മന്ത്രാലയം പുറത്തിറക്കി. വ്യക്തിവിവരങ്ങള്‍ അതേപടി സൂക്ഷിക്കുന്നതും ചോരുന്നതും ഒഴിവാക്കുകയാണ് മാര്‍ഗ്ഗരേഖയുടെ ലക്ഷ്യം.

സ്വകാര്യ വിവരങ്ങള്‍ നീക്കം ചെയ്യുകയോ മറച്ചുവെയ്ക്കുകയോ ചെയ്താകാം ഡേറ്റ സര്‍ക്കാര്‍ സെര്‍വറുകളില്‍ സൂക്ഷിക്കുക. കേരളത്തില്‍ സ്പ്രിങ്കഌ വിവാദമുണ്ടായപ്പോള്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചതും ഈ രീതിയായിരുന്നു. പരീക്ഷാ മൂല്യനിര്‍ണ്ണയഘട്ടത്തില്‍ ഉത്തരക്കടലാസുകളിലെ രജിസ്റ്റര്‍ നമ്പരുകള്‍ക്ക് പകരം ഫോള്‍സ് നമ്പര്‍ ഉപയോഗിക്കുന്നതിന് സമാനമായ രീതിയാണിത്. യൂറോപ്പിലെ വിവരസുരക്ഷാനിയമമായ ജനറല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ അടക്കം നിര്‍ദ്ദേശിക്കുന്ന വ്യവസ്ഥയാണിത്. സിസ്റ്റമാകെ ഹാക്ക് ചെയ്യപ്പെട്ടാലും വ്യക്തിവിവരങ്ങള്‍ പുറത്തുപോകില്ല എന്നതാണ് ഇതിന്റെ സവിശേഷത.