ഗ്രൂപ്പുകളില്‍ നിന്ന് ആരുമറിയാതെ പുറത്തുപോകാം, മെസ്സേജ് ഡിലീറ്റ് ചെയ്യാന്‍ സാവകാശം; വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റുകള്‍ ഇതെല്ലാം

വാട്‌സാപ്പില്‍ പുതിയ അപ്‌ഡേറ്റുകള്‍ പ്രഖ്യാപിച്ച് മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സ്വകാര്യത നല്‍കുന്ന സൗകര്യങ്ങളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഫീച്ചര്‍ ഉപയോഗിച്ച് വാട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് അംഗങ്ങളായിട്ടുള്ള ഗ്രൂപ്പുകളില്‍നിന്ന് ആരുമറിയാതെ പുറത്തുപോകാന്‍ സാധിക്കും. ഓണ്‍ലൈനില്‍ വരുമ്പോള്‍ ആരെല്ലാം കാണണമെന്ന് തീരുമാനിക്കുക, വ്യൂ വണ്‍സ് മെസ്സേജുകള്‍ സ്‌ക്രീന്‍ഷോട്ട് ചെയ്യുന്നത് തടയുക തുടങ്ങിയവയും സാധ്യമാണ്.

കൂടാതെ തെറ്റായ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്ത് നീക്കുന്നതിന് ഇനി മുതല്‍ രണ്ടര ദിവസത്തേക്ക് സമയം അനുവദിച്ചിട്ടുണ്ട്. നേരത്തെ ഒരു മണിക്കൂര്‍ മാത്രമായിരുന്നു സമയം അനുവദിച്ചിരുന്നത്. പുതിയ അപ്‌ഡേറ്റ് വരുന്നതോടെ മെസ്സേജ് നീക്കം ചെയ്യുന്നതിനോ തുടരുന്നതിനോ ഉപയോക്താക്കള്‍ക്ക് നീണ്ട സമയം ലഭിക്കും. ഇതിനുള്ളില്‍ ആലോചിച്ച് തീരുമാനമെടുക്കാന്‍ സാധിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

പുതിയ ഫീച്ചറുകള്‍ ഈ മാസം തന്നെ ഉപയോക്താക്കളില്‍ എത്തിച്ചുതുടങ്ങുമെന്നാണ് സക്കര്‍ബര്‍ഗ് പറയുന്നത്. അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാന്‍ സാധ്യമാക്കുന്ന രീതികളും വൈകാതെ ആവിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ ഏത് സന്ദേശവും ഗ്രൂപ്പ് അഡ്മിന് ഡിലീറ്റ് ചെയ്യാനും സൗകര്യമൊരുക്കും.