12,000 രൂപയില്‍ താഴെ വില വരുന്ന ചൈനീസ് ഫോണുകള്‍ നിരോധിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: 12,000 രൂപയില്‍ താഴെ വില വരുന്ന ചൈനീസ് ഫോണുകള്‍ നിരോധിക്കാനൊരുങ്ങി ഇന്ത്യ. ബ്ലൂംബെര്‍ഗ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് ഉണര്‍വ്വേകാന്‍ 150 ഡോളറില്‍ താഴെ വില വരുന്ന ഫോണുകള്‍ നിരോധിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തദ്ദേശ ബ്രാന്‍ഡുകള്‍ക്ക് അവസരം നല്‍കുന്നതിനാണ് ഈ നീക്കം. പുതിയ നീക്കം ചൈനീസ് ഭീമനായ ഷവോമിക്ക് വലിയ തിരിച്ചടിയായിരിക്കും സമ്മാനിക്കുക. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ മാര്‍ക്കറ്റായ ഇന്ത്യയിലെ രണ്ടാം നിരയില്‍ നിന്ന് ചൈനീസ് ഫോണുകള്‍ നിരോധിക്കുന്നത് പല കമ്പനികള്‍ക്കും വലിയ തിരിച്ചടിയാകും. ഇന്ത്യയില്‍ വിറ്റഴിയ്ക്കപ്പെടുന്ന സ്മാര്‍ട്ട് ഫോണുകളില്‍ മൂന്നിലൊന്നും 120,000 രൂപയില്‍ താഴെ വില വരുന്ന സ്മാര്‍ട്ട് ഫോണുകളാണ്. ഇതില്‍ 80 ശതമാനവും ചൈനീസ് കമ്പനികളുടെ ഫോണാണ്.

ഇന്ത്യന്‍ സര്‍ക്കാര്‍ നടപടികള്‍ കടുപ്പിക്കുന്ന സാഹചര്യത്തില്‍ രാജ്യം വിടുന്ന കാര്യം പരിഗണിക്കുമെന്ന് കമ്പനികളെ ഉദ്ധരിച്ച് ചൈനീസ് വാര്‍ത്താമാധ്യമമായ ഗ്ലോബല്‍ ടൈംസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.