അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡ് ഇന്ധനമാക്കി മാറ്റാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ച് ഇലോൻ മാസ്ക്

വാഷിങ്ടൺ: അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡ് ഇന്ധനമാക്കി മാറ്റാനുള്ള പദ്ധതി ആരംഭിച്ചതായി ടെസ്ലയുടേയും സ്പേസ് എക്സിന്റേയും സ്ഥാപകനായ ഇലോൻ മസ്കിന്റെ വെളിപ്പെടുത്തൽ. കാർബൻ ഡൈ ഓക്സൈഡ് റോക്കറ്റുകൾക്ക് ഇന്ധനമാക്കി മാറ്റാനുള്ള പദ്ധതിയാണ് സ്പേസ് എക്സ് ആരംഭിച്ചതെന്ന് സാങ്കൽപിക ആശയങ്ങൾക്കും വിവാദ ട്വീറ്റുകൾക്കും പേരുകേട്ട മസ്ക് അറിയിച്ചു. ചൊവ്വയ്ക്ക് ഈ പദ്ധതി പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് റോക്കറ്റ് ഇന്ധനമാക്കി മാറ്റാനുള്ള ഒരു പദ്ധതിക്ക് സപേസ് എക്സ് തുടക്കം കുറിച്ചു. താത്പര്യമുണ്ടെങ്കിൽ ഇതിന്റെ ഭാഗമാകാം’ മസ്ക് ട്വിറ്ററിൽ കുറിച്ചു.

നേരത്തെയും സമാനമായ ആശയങ്ങൾ മസ്ക് അവതരിപ്പിച്ചിരുന്നു. കാർബൺ നീക്കം ചെയ്യൽ സാങ്കേതിക വിദ്യക്ക് അദ്ദേഹം നേരത്തെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. കാലാവസ്ഥ പ്രതിസന്ധിക്ക് കാർബൺ ഡൈ ഓക്സൈഡ് വലിയ കാരണമായി നിലനിൽക്കുന്ന ഘട്ടത്തിലാണ് മസ്കിന്റെ ഇത്തരത്തിലുള്ള ആശയം.

സ്പേസ് എക്സിന്റെ ഫാൽക്കൺ 9റോക്കറ്റിൽ മണ്ണെണ്ണയാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ഇത് കൂടുതൽ കാർബൺ ഡൈ ഓക്സൈഡും മറ്റ് രാസവസ്തുക്കളും അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നുവെന്നാണ് റിപ്പോർട്ടുകൾ. കാർബൺ ഡൈ ഓക്സൈഡുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടത്താൻ കമ്പനിയെ ഇത് പ്രേരിപ്പിക്കുന്നുവെന്നാണ് പറയപ്പെടുന്നത്.