ജിമെയിലും യൂടൂബും പണിമുടക്കി

ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന ഇമെയില്‍ സേവനമായ ജിമെയില്‍ ഡൗണായെന്ന് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ തന്നെ ജിമെയിലിന് പ്രശ്നം നേരിട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഡൗണ്‍ ഡിക്റ്റക്ടര്‍ സൈറ്റ് പ്രകാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണി മുതല്‍ ഈ പ്രശ്നം നേരിടുന്നുണ്ട് എന്നാണ് കാണിക്കുന്നത്.

പലയിടത്തും ഇപ്പോഴും പ്രശ്നം നിലനില്‍ക്കുന്നു എന്നാണ് ഡൗണ്‍ ഡിക്റ്റക്ടര്‍ ഡാറ്റ പറയുന്നത്. പ്രശ്നം നേരിട്ടവരില്‍ 49 ശതമാനം പേര്‍ സര്‍വര്‍ പ്രശ്നം എന്നാണ് രേഖപ്പെടുത്തുന്നത്. 30 ശതമാനം പേര്‍ക്ക് ഇമെയില്‍ അയക്കാന്‍ പ്രശ്നം നേരിടുന്നതായി പറയുന്നു. 21 ശതമാനം പേര്‍ ജിമെയില്‍ സൈറ്റ് തന്നെ തുറക്കാന്‍ പ്രയാസപ്പെടുന്നതായി പറയുന്നു. സംഭവത്തില്‍ ഗൂഗിള്‍ ഉടമസ്ഥതയിലുള്ള ജിമെയില്‍ ഔദ്യോഗികമായി പ്രതികരണം ഒന്നും നടത്തിയിട്ടില്ല.

അതേ സമയം ട്വിറ്ററിലും മറ്റും നിരവധിപ്പേര്‍ ഈ വിഷയം ഉന്നയിക്കുന്നുണ്ട്. ഡൗണ്‍ ഡിക്റ്റക്ടര്‍ ഡാറ്റ വച്ച് ഇന്ത്യയില്‍ മുംബൈ, ബംഗലൂരു, ദില്ലി, ചണ്ഡിഗഡ് എന്നിവിടങ്ങളിലാണ് കൂടുതല്‍ പ്രശ്നം നേരിട്ടത് എന്നാണ് കാണിക്കുന്നത്. അതേ സമയം ചില ഇടങ്ങളില്‍ യൂട്യൂബിനും പ്രശ്നം നേരിട്ടു എന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ശേഷമാണ് യൂട്യൂബിനും പ്രശ്നം നേരിട്ടത് എന്നാണ് ഡൗണ്‍ ഡിക്റ്റക്ടര്‍ ഡാറ്റ പറയുന്നത്.