12,000 രൂപയില്‍ താഴെയുള്ള സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പന നിരോധിക്കില്ലെന്ന് കേന്ദ്രമന്ത്രി

ന്യൂഡെല്‍ഹി: 12,000 രൂപയില്‍ താഴെയുള്ള ലോ-ബജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ നിരോധിക്കാന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ചൈനീസ് കമ്പനികളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 12,000 രൂപയില്‍ താഴെയുള്ള സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പന തടയുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വിഷയത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

വിദേശ ബ്രാന്‍ഡുകള്‍, പ്രത്യേകിച്ച ചൈനീസ് ബ്രാന്‍ഡുകള്‍ നിരോധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. എന്നാല്‍ ഇന്ത്യ ആഭ്യന്തര ബ്രാന്‍ഡുകള്‍ കൂടുതല്‍ മുന്നേറ്റം നടത്തുന്നത് കാണാന്‍ ആഗ്രഹിക്കുന്നുവെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ദേശീയ ടെക് കമ്പനികള്‍ ഈ മേഖലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ചൈനയിലെ മൊബൈല്‍ ബ്രാന്‍ഡുകളോട് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. ചില ചൈനീസ് ബ്രാന്‍ഡുകളോട് ഇന്ത്യയില്‍ നിന്നുള്ള നിര്‍മ്മാണം വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍, ഒരു പ്രത്യേത വിഭാഗത്തെ വിപണിയില്‍ നിന്ന് നിരോധിക്കാനുള്ള നീക്കമില്ലെന്നും ഐടി മന്ത്രി വ്യക്തമാക്കി.